കരുനാഗപ്പള്ളി: പള്ളിക്കലാറ്റിൽ നിർമ്മിച്ച തടയണ മൂലം വിവിധ പ്രദേശങ്ങളിലുണ്ടായ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ ധാരണയായി. ആർ. രാമചന്ദ്രൻ എം.എൽ.എ ജലവിഭവ വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് പ്രശ്നത്തിന് തീരുമാനമായത്. മന്ത്രിയുടെ ചേംബറിൽ നടന്ന യോഗത്തിൽ ജലവിഭവ വകുപ്പ് ചീഫ് എൻജിനീയർ ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. യോഗത്തിന്റെ തീരുമാനപ്രകാരം ജലവിഭവ വകുപ്പ് ചീഫ് എൻജിനീയറും ദുരന്തനിവാരണ അതോറിറ്റിയിലെ ഉന്നതരും ഉൾപ്പെട്ട സംഘം ഇന്ന് ഡാം സന്ദർശിക്കും.
മഴ ശക്തമായതോടെ തഴവ, തൊടിയൂർ, ശൂരനാട് വടക്ക് പഞ്ചായത്തുകളിലെ നിരവധി പ്രദേശങ്ങൾ വെള്ളക്കെട്ടിലായിരുന്നു. നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ നേരത്തേ ജലവിഭവ വകുപ്പിനോട് നിർദ്ദേശിച്ചിരുന്നെങ്കിലും തുടർ നടപടി ഉണ്ടായിരുന്നില്ല. കാലവർഷം തുടങ്ങിയതോടെ പ്രശ്നം രൂക്ഷമായതിനെ തുടർന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ജലവിഭവ വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകിയിരുന്നു.