പുനലൂർ: കൊല്ലം-തിരുനെൽവേലി റെയിൽവേ ലൈനിനെ മുറിച്ചുകടക്കുന്ന പുനലൂർ-പേപ്പർമിൽ-കാര്യറ റോഡിൽ പുതിയ ഫുഡ്ഓവർ നിർമ്മിക്കാൻ റെയിൽവേ അധികൃതരെ സമീപിക്കുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി.പറഞ്ഞു. ഇപ്പോൾ എം.പി ഫണ്ട് വിനിയോഗിക്കാൻ കഴിയാത്തത് കണക്കിലെടുത്താണ് റെയിൽവേ അധികൃതരെ സമീപിക്കുന്നത്. പുനലൂർ മാർക്കറ്റിന് സമീപത്തെ റെയിൽവേയുടെ പഴയ ലെവൽ ക്രോസ് സന്ദർശിക്കാൻ എത്തിയതായിരുന്നു എം.പി.
പഴയ ലെവൽ ക്രോസിനോട് ചേർന്ന പുനലൂർ-പേപ്പർമിൽ പാത റെയിൽവേ അധികൃതർ മതിൽ കെട്ടി അടയ്ക്കുന്നതിന് മുന്നോടിയായിരുന്നു സന്ദർശനം. പുതിയ അടിപ്പാതയിലൂടെ സഞ്ചരിക്കുന്നതിന് കാൽനട യാത്രികർ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി വിവിധ സ്കൂൾ അധികൃതരും നാട്ടുകാരും എം.പിക്ക് നിവേദനം നൽകിയിരുന്നു. ഇത് പരിശോധിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
ഫുഡ് ഓവർ പണിയാൻ തൻെറ ഫണ്ടിന് പുറമെ എം.എൽ.എ ഫണ്ടുകളും ഉപയോഗിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.പി സംസ്ഥാന കൗൺസിൽ അംഗം എം. നാസർഖാൻ, സി. വിജയകുമാർ, സാബു അലക്സ് തുടങ്ങിയ നിരവധി നേതാക്കളും ഒപ്പമുണ്ടായിരുന്നു.