കുണ്ടറ: പ്രവർത്തനം നിലച്ച കശുഅണ്ടി ഫാക്ടറി ഉടമയെ ഫാക്ടറി ഷെഡിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. നല്ലില ബഥേൽ പള്ളിക്ക് സമീപം ചരുവിള പുത്തൻവീട്ടിൽ സൈമണാണ് (40) മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് വീട്ടിൽ നിന്ന് ഊണ് കഴിച്ച ശേഷം പുറത്തിറങ്ങിയ സൈമണിനെ തിരക്കിയിറങ്ങിയ മാതാവാണ് വീടിന് സമീപത്തെ നിർമ്മലമാതാ കശുഅണ്ടി ഫാക്ടറി ഷെഡിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സൈമണും പിതാവ് മത്തായിയും ചേർന്ന് നടത്തിയ ഫാക്ടറി കടബാദ്ധ്യതയെ തുടർന്ന് അടഞ്ഞുകിടക്കുകയാണ്. ബാങ്ക് ലോൺ അടച്ചു തീർക്കാത്തതിനാൽ ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. തിരിച്ചടവിൽ സാവകാശത്തിന് മന്ത്രി ഇടപെട്ട് ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സ്വന്തം വസ്തുവകകൾക്കൊപ്പം ബന്ധുക്കളുടെ വസ്തുക്കളും ബാങ്കിൽ ഈട് നൽകിയിട്ടുള്ളതായും പറയുന്നു. ആശയാണ് ഭാര്യ. മക്കൾ: സഞ്ജന, ആൽവിൻ. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് നല്ലില ബഥേൽ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. കണ്ണനല്ലൂർ പൊലീസ് മേൽ നടപടി സ്വീകരിച്ചു.