church

കൊവിഡ് വന്നതോടെ വിശ്വാസി സമൂഹങ്ങൾക്ക് ദേവാലയങ്ങളിൽ നിന്നും അകലം പാലിക്കേണ്ടിവന്നു. പലരും ഓൺലൈൻ വഴിയൊക്കെ പ്രാർത്ഥനകളിൽ പങ്കെടുത്തിരുന്നു. വിവിധ മതങ്ങളുടെ ആഘോഷങ്ങൾ വന്നിട്ടുപോലും ആരും ദേവാലയങ്ങളിലേക്ക് പോയില്ല. അത്രയ്ക്ക് കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ നിയന്ത്രണങ്ങൾക്ക് അൽപസ്വൽപ ഇളവുകൾ പ്രഖ്യാപിച്ചതോടെ ദോവലായങ്ങളിലേക്കും ആളുകൾ എത്തി തുടങ്ങി.

അതുകൊണ്ട് സാമൂഹിക അകലം പാലിച്ചുകൊണ്ട് ഭക്തർക്കായി പ്രാർത്ഥനാ സൗകര്യമൊരുക്കിയിരിക്കുകയാണ് ഒരു പള്ളി. സ്വന്തം കാറിൽ ഇരുന്ന് കൊണ്ട് തന്നെ പ്രാർത്ഥിക്കാനുള്ള സൗകര്യം ഈ പള്ളിയിലുണ്ട്. ബംഗളൂരു ഹെബൽ ബീതൽ എ.ജി. ചർച്ച് ആണ് പുതിയ ആശയവുമായി രംഗത്ത് വന്നിരിക്കുന്നത്.

കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ദിവസേനയുള്ള പ്രാർത്ഥനകൾ കഴിഞ്ഞ 12 ആഴ്ചയായി യൂട്യൂബ്, ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ വഴി ഇവർ ഭക്തർക്കായി എത്തിച്ചുകൊടുത്തിരുന്നു. എന്നാൽ ഒന്നിച്ച് പ്രാർത്ഥിക്കാനുള്ള ആഗ്രഹം ഭക്തർ പ്രകടിപ്പിച്ചതുകൊണ്ട് അതിനൊരു പോംവഴി കണ്ടെത്തുകയായിരുന്നു. മൂന്നേക്കർ വരുന്ന പള്ളിയുടെ സ്ഥലത്ത് കാറുകളും ഇരുചക്രവാഹനങ്ങളും പ്രവേശിപ്പിക്കാം.

'വർഷിപ്പ് ഓൺ വീൽസ്' എന്നാണ് ഈ പരിപാടിക്ക് പേരിട്ടിരിക്കുന്നത്. പരിപൂർണ്ണമായും സാമൂഹിക അകലം പാലിച്ചാണ് ഇവിടുത്തെ പ്രാർത്ഥന. ഇരിപ്പിടങ്ങൾ ഒന്നും തന്നെ ഇവിടെ ഉണ്ടാവില്ല. ശുചിമുറികൾ, കാന്റീനുകൾ പോലുള്ള സൗകര്യങ്ങളും ഉണ്ടാവില്ല. നിരവധി സ്‌ക്രീനുകളും സ്പീക്കറും ഇവിടെ ഒരുക്കിയിട്ടുണ്ടാവും. പങ്കെടുക്കാൻ കഴിയാത്തവർക്ക് പ്രാർത്ഥന യൂട്യൂബ് ,​ ഫേസ്ബുക്ക് വഴി സ്ട്രീം ചെയ്യും.

കാർ, ഇരുചകവാഹനം, പൊതുഗതാഗതം, കാൽനട എന്നിങ്ങനെയായി എത്തുന്നവർക്ക് പ്രത്യേകം പ്രത്യേകം പ്രാർത്ഥനാ സെഷനുകൾ ഒരുക്കിയിരിക്കുന്നത്. ഈ രീതിയെക്കുറിച്ച് മനസിലാക്കി മറ്റ് ചില പള്ളികളും ഈ ആശയം പിന്തുടരാൻ ഒരുങ്ങുകയാണ്.