pic

കൊല്ലം: തമിഴ്നാട് അതിർത്തിയിലുള്ള തെന്മല പൊലീസ് സ്റ്റേഷനിലെ ടെലിഫോൺ പരിധിക്ക് പുറത്തായതോടെ ജനങ്ങളും ജീവനക്കാരും ബുദ്ധിമുട്ടിൽ. മാസങ്ങളായി ടെലിഫോൺ പരിധിക്ക് പുറത്താണെന്ന് നാട്ടുകാർ പറയുന്നു. തെന്മല ഡാം കവലയിലെ വനമദ്ധ്യത്തിലെ പൊലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണാണ് രാത്രിയിലും പകലും പരിധിക്കു പുറത്താകുന്നത്. ഇത് കാരണം അപകടങ്ങളോ മറ്റോ ഉണ്ടായാൽ മിക്ക ദിവസങ്ങളിലും പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടാൻ നാട്ടുകാർക്ക് കഴിയാറില്ല.

തെന്മല ജംഗ്ഷനിലെ പഴഞ്ചൻ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പൊലീസ് സ്റ്റേഷൻ തെന്മല ഡാം ജംഗ്ഷനിലെ കെ.ഐ.പി ഇൻസ്പെക്ഷൻ ബംഗ്ലാവിലേക്ക് മാറ്റി സ്ഥാപിച്ചതോടെയാണ് ടെലിഫോൺ തകരാറ് പതിവായത്. ആര്യങ്കാവ്, തെന്മല പഞ്ചായത്തുകൾ ഉൾപ്പെട്ട തമിഴ്നാട് അതിർത്തിയിലെ കോട്ടവാസൽ മുതൽ ഓലപ്പാറ വരെയുളള 78 കിലോമീറ്ററോളം വരുന്ന മലയോര പ്രദേശമാണ് സ്റ്റേഷന്റെ പ്രവർത്തന മേഖല. ടെലിഫോൺ തകരാറ് പരിഹരിക്കാൻ കാലതാമസം വരുന്നത് ബി.എസ്.എൻ.എൽ അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് ആരോപണമുണ്ട്. കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ ടെലിഫോൺ തകരാർ പരിഹരിക്കണമെന്ന് തെന്മല സി.ഐ നിരവധി തവണ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല.