കൊല്ലം: റോഡരികിൽ നിറുത്തിയിട്ടിരുന്ന പെട്ടിആട്ടോറിക്ഷ മോഷ്ടിച്ച യുവാവിനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. ആയൂർ തേവന്നൂർ പനമൂട്ടിൽ വീട്ടിൽ ആരോമലാണ് (20) അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന അരോമൽ സമീപത്ത് നിറുത്തിയിട്ടിരുന്ന ആട്ടോറിക്ഷയുമായി കടക്കുകയായിരുന്നു. പൊലീസും വാഹന ഉടമയും അന്വേഷണം നടത്തുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രിയിൽ സംശയാസ്പദമായ രീതിയിൽ പനയഞ്ചേരിയിൽ കണ്ട യുവാവിനെ നാട്ടുകാർ തടഞ്ഞുവച്ച് ചോദ്യം ചെയ്ത ശേഷം പൊലീസിൽ വിവരമറിയിച്ചു. എസ്.ഐ പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം വെളിപ്പെട്ടത്.
വാഹനം തേവന്നൂരിന് സമീപത്തെ ആക്രിക്കടയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. പുനലൂർ കോടതിയിൽ ഹാജരാക്കിയ ആരോമലിനെ റിമാൻഡ് ചെയ്തു.