അഞ്ചാലുംമൂട് : ജീവനക്കാരുടെ കുറവുമൂലം തൃക്കരുവ വില്ലേജ് ഓഫീസിന്റെ പ്രവർത്തനം അവതാളത്തിലാകുന്നു. ജീവനക്കാർക്കുള്ള കൊവിഡ് ഡ്യൂട്ടിയും അസിസ്റ്റന്റ് വില്ലേജ് ഓഫീസർക്ക് കളക്ടറേറ്റിൽ ഡെപ്യൂട്ടേഷനിൽ പോകേണ്ടിവന്നതുമാണ് പ്രവർത്തനം അവതാളത്തിലാവാനുള്ള മുഖ്യ കാരണം. വസ്തു പോക്കുവരവ്, വസ്തു നികുതി അടയ്ക്കൽ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് ജനങ്ങൾ ഓഫീസിൽ കയറിയിറങ്ങേണ്ട അവസ്ഥയാണിപ്പോൾ. ഓൺലൈനിലൂടെ അപേക്ഷിച്ചാൽ നിരവധി സേവനങ്ങൾ ലഭ്യമാകുമെങ്കിലും ഓഫീസിൽ നേരിട്ടെത്തിയാൽ മാത്രം ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
അടിയന്തരമായി ജീവനക്കാരുടെ കുറവ് പരിഹരിക്കാനുള്ള നടപടി സ്വീകരിച്ച് അപേക്ഷകളുടെ തീർപ്പാക്കൽ വേഗത്തിലാക്കണം
നാട്ടുകാർ
ഓഫീസിൽ ആളില്ലാത്ത അവസ്ഥ
വസ്തു സന്ദർശനം ഉൾപ്പെടെയുള്ളവയ്ക്ക് ജീവനക്കാർക്ക് ഫീൽഡിൽ പോകേണ്ടി വന്നാൽ പലപ്പോഴും ഓഫീസിൽ ആളില്ലാത്ത അവസ്ഥയാണ്. മിക്കപ്പോഴും ഒന്നോ രണ്ടോ പേർ മാത്രമാണ് ഓഫീസ് സേവനത്തിനായുള്ളത്. അപേക്ഷ നൽകി പതിനഞ്ച് മുതൽ ഇരുപത് ദിവസം വരെയായിട്ടും മറുപടി പോലും ലഭിക്കാത്ത നിരവധിയാളുകളുണ്ട്. അപേക്ഷയിലെ പോരായ്മകൾ പരിഹരിക്കണമെങ്കിൽ വീണ്ടും ഇത്രയും ദിവസം കൂടി കാത്തിരിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ.
ജോലിഭാരം വർദ്ധിക്കുന്നു
ബാങ്ക് ലോൺ ഉൾപ്പെടെയുള്ളവയ്ക്ക് വില്ലേജ് ഓഫീസിൽ നിന്ന് രേഖകൾ ഹാജരാക്കണമെന്നിരിക്കേ ജീവനക്കാരുടെ കുറവ് തെല്ലൊന്നുമല്ല നാട്ടുകാരെ വലയ്ക്കുന്നത്. എണ്ണത്തിലെ കുറവുമൂലം നിലവിലുള്ള ജീവനക്കാർക്ക് ജോലിഭാരം വർദ്ധിക്കുകയും വിശ്രമവേളകൾ കുറയുകയും ചെയ്യുന്നുണ്ട്.