panchayat
ജില്ലാപഞ്ചായത്തിന്റെ ഫണ്ട് ചെലവഴിച്ച് നിർമ്മിച്ച ഒാട പൊളിച്ചവർക്കെതിരെ പൊലീസിൽ നൽകിയ പരാതി സമ്മർദ്ദങ്ങൾക്ക് വഴങ്ങി പഞ്ചായത്ത് സെക്രട്ടറി പിൻവലിച്ചെന്നാരോപിച്ച് പ്രതിപക്ഷാംഗങ്ങൾ ഓച്ചിറ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം

ഓച്ചിറ: ജില്ലാപഞ്ചായത്തിന്റെ ഫണ്ട് ചിലവഴിച്ച് നിർമ്മിച്ച ഒാട ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചവർക്കെതിരെ പൊലീസിൽ നൽകിയ പരാതി സമ്മർദ്ദങ്ങൾക്ക് വഴങ്ങി പഞ്ചായത്ത് സെക്രട്ടറി പിൻവലിച്ചെന്നാരോപിച്ച് പ്രതിപക്ഷാംഗങ്ങൾ ഓച്ചിറ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.

മഠത്തിൽകാരാണ്മ 7ാം വാർഡിൽ പത്ത് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഓടയാണ് പൊളിച്ചത്. ഇത് അന്വേഷിക്കണമെന്ന ഗ്രാമപഞ്ചായത്തംഗം ഇലമ്പടത്ത് രാധാകൃഷ്ണന്റെ ആവശ്യത്തെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടെയാണ് സെക്രട്ടറി പരാതി പിൻവലിച്ചത്.

പൊതു മുതൽ നശിപ്പിക്കുന്നതിന് കൂട്ടുനിൽക്കുന്ന സെക്രട്ടറിയെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷാംഗങ്ങളായ ഇലമ്പടത്ത് രാധാകൃഷ്ണൻ, മഞ്ചു പാച്ചൻ, എൽ. സുകുമാരി, തുളസി ചന്ദ്രൻ, റസിയാ സാദിഖ് എന്നിവർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചത്.