aws
പടിഞ്ഞാറേകല്ലട യിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ

പടിഞ്ഞാറേക്കല്ലട: കേരളത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ചേർന്ന് 15 ഓട്ടോമാറ്റിക് കാലാവസ്ഥാ മാപിനികൾ (ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ )സ്ഥാപിക്കുന്നതിന്റെ ഭാഗമായി പടിഞ്ഞാറേക്കല്ലട പഞ്ചായത്തിൽ വലിയപാടം യു.പി സ്കൂളിന് സമീപം ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ സ്ഥാപിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇതിന്റെ പ്രവർത്തനം ആരംഭിക്കും. ഓട്ടോമാറ്റിക് കാലാവസ്ഥാ മാപിനികൾ സ്ഥാപിക്കുന്നതിലൂടെ മഴയുടെ അളവ്, കാറ്റിന്റെ വേഗത, ദിശ, അന്തരീക്ഷ ആർദ്രത, താപനില തുടങ്ങിയ വിവരങ്ങൾ തത്സമയം ലഭ്യമാകും. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ഇത്തരം തത്സമയ വിവരങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്ത സാദ്ധ്യതകൾ, നിലവിൽ വിവരങ്ങൾ ലഭ്യമല്ലാത്ത പ്രദേശങ്ങൾ, അണക്കെട്ടുകൾ, കെ.എസ്.ഇ.ബി, ജലസേചന വകുപ്പ്, വാട്ടർ അതോറിറ്റി എന്നീ വകുപ്പുകളുടെ നിർദ്ദേശങ്ങൾ തുടങ്ങിയവ പരിഗണിച്ചാണ് ദുരന്ത നിവാരണ അതോറിറ്റി ഓട്ടോമാറ്റിക് കാലാവസ്ഥാ മാപിനികൾ സ്ഥാപിക്കാനായുള്ള സ്ഥലങ്ങൾ കണ്ടെത്തിയത്.

100 എണ്ണം അനുവദിച്ചു

കേരളം 2018 മുതൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും കാലാവസ്ഥാ വകുപ്പിനോടും ഈ ആവശ്യം ഉന്നയിച്ചു വരുകയായിരുന്നു. കേരളത്തിന്റെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് കേന്ദ്ര സർക്കാർ കേരളത്തിനായി 100 ഓട്ടോമാറ്റിക് കാലാവസ്ഥാ മാപിനികൾ അനുവദിച്ചത്. ഇതിൽ ആദ്യത്തെ 15 എണ്ണമാണ് സ്ഥാപിച്ചത്.

15 കാലാവസ്ഥാ മാപിനികൾ

1. വെള്ളരിക്കുണ്ട് (കാസർകോട്)

2. ഇരിക്കൂർ (കണ്ണൂർ)

3. കക്കയം (കോഴിക്കോട്)

4. പടിഞ്ഞാറത്തറ ഡാം (വയനാട്)

5. പറവണ്ണ ടി.എം.ജി കോളേജ് (മലപ്പുറം)

6. വെള്ളിനേഴി (പാലക്കാട്)

7. ചാലക്കുടി(തൃശൂർ)

8. പെരിങ്ങൽക്കുത്ത് (തൃശൂർ)

9. പീരുമേട് (ഇടുക്കി)

10. പൂഞ്ഞാർ എൻജിനിയറിംഗ് കോളേജ് (കോട്ടയം)

11. കഞ്ഞിക്കുഴി (ആലപ്പുഴ)

12. സീതത്തോട് (പത്തനംതിട്ട)

13. വെസ്റ്റ് കല്ലട (കൊല്ലം)

14. നെയ്യാറ്റിൻകര (തിരുവനന്തപുരം)

15. പറവൂർ (എറണാകുളം)

85 സ്ഥലങ്ങളിൽക്കൂടി സ്ഥാപിക്കും

2018 പ്രളയാനന്തരം കേരള സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് കേരളത്തിൽ പുതുതായി 186 ഓട്ടോമാറ്റിക് കാലാവസ്ഥ മാപിനികൾ അടിയന്തരമായി സ്ഥാപിക്കണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിൽ നിന്നുള്ള തത്സമയ വിവരങ്ങൾ ഉടൻ തന്നെ ലഭ്യമായി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020 ഡിസംബറിന് മുൻപ് ദുരന്ത നിവാരണ അതോറിറ്റി കണ്ടെത്തിയിട്ടുള്ള ശേഷിക്കുന്ന 85 സ്ഥലങ്ങളിലും ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ സ്ഥാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടർ ജനറൽ സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുള്ളത്.