bike
റോഡിൽ വിളച്ചിലെടുത്താൽ വീട്ടിലെത്തും മുൻപ് പിഴ

 ഒളിഞ്ഞിരുന്ന് പിടിക്കാൻ ക്രിത്രിമ ബുദ്ധിയുള്ള കാമറകൾ

കൊല്ലം: ഗതാഗത വകുപ്പിന്റെ സേഫ് കേരള പദ്ധതിയുടെ ഭാഗമായി റോഡുകളിൽ കൃത്രിമ ബുദ്ധിയുള്ള കാമറകൾ സ്ഥാപിക്കുന്നു. റോഡിലെ ദൃശ്യങ്ങൾ നിരന്തരം പകർത്തുന്ന കാമറകൾ നിയമലംഘനം ഉണ്ടായാൽ അപ്പോൾ തന്നെ അതിന്റെ ചിത്രമെടുത്ത് കൺട്രോൾ റൂമിലേക്ക് അയയ്ക്കും. നിയമലംഘനം നടത്തിയ വാഹനത്തിന്റെ ഉടമയുടെ ഫോണിൽ പിഴ ചുമത്തിയതായുള്ള സന്ദേശമെത്തും.

പ്രത്യേക സോഫ്ട്‌വെയറിന്റെ സഹായത്തോടെ ഹെൽമെറ്റ് ഇല്ലാത്ത ബൈക്ക് യാത്ര, ട്രിപ്പിൾ, റോംഗ് സൈഡ് പാർക്കിംഗ്, റോംഗ് സൈഡ് ഡ്രൈവിംഗ് തുടങ്ങിയ നിയമലംഘനങ്ങളാകും കാമറ കൈയോടെ പിടികൂടുക. അമിതവേഗത പിടികൂടാനുള്ള ബുദ്ധി ഈ കാമറകൾക്കില്ല. ജില്ലയിൽ 75 കാമറകളാകും ആദ്യഘട്ടത്തിൽ സ്ഥാപിക്കുക. പോർട്ടബിളും വയർലെസുമായതിനാൽ ഇടയ്ക്കിടെ മാറ്റി സ്ഥാപിക്കാം. കെൽട്രോണാണ് കാമറകളും കൺട്രോൾ റൂമുകളും സ്ഥാപിക്കുന്നത്. ചിത്രങ്ങളെല്ലാം ആദ്യം പോകുക മോട്ടോർ വാഹന വകുപ്പിന്റെ കേന്ദ്ര കൺട്രോൾ റൂമിലേക്കാകും. പിന്നീട് അവിടെ നിന്ന് ജില്ലാ കൺട്രോൾ റൂമിലേക്ക് അയയ്ക്കും. അവിടെ പിഴ ചുമത്തിക്കൊണ്ടുള്ള ഇ - ചെല്ലാൻ തയ്യാറാക്കി വാഹന ഉടമയുടെ വിലാസത്തിലേക്ക് ( ഇ- മെയിൽ, മൊബൈൽ വാട്സ് ആപ്പ്) അയയ്ക്കും.

ഇൻഷ്വറൻസ് ഇല്ലേലും കുടുങ്ങും

ഇൻഷ്വറൻസ് പുതുക്കാത്തതും പുക പരിശോധന സർട്ടിഫിക്കറ്റിന്റെ കലാവധി കഴിഞ്ഞതുമായ വാഹനങ്ങൾ നിരത്തിലിറങ്ങിയാലും കൈയൊടെ പൊക്കും. ഇൻഷ്വറൻസ് കമ്പിനികളിൽ നിന്നും പുക പരിശോധനാ കേന്ദ്രങ്ങളിൽ നിന്നും വിവരങ്ങൾ അപ്പപ്പോൾ സെർവറിൽ ശേഖരിക്കും. ഇവ കാമറകളുടെ സോഫ്ടുവെയറുമായി ബന്ധപ്പെടുത്തിയാണ് ഇൻഷ്വറൻസ് ഇല്ലാത്തതും പുക പരിശോധന നടത്താത്തതും ടെസ്റ്റിന്റ കാലാവധി കഴിഞ്ഞതടക്കമുള്ള വാഹനങ്ങൾ കണ്ടെത്തി പിഴ ചുമത്തുക.

രസീതില്ല, ഇനി ലാപ്ടോപ്പ്

മോട്ടോർവാഹന വകുപ്പിൽ സേഫ് കേരള പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ എം.വി.ഐമാർക്കും അസി. എം.വി.ഐമാർക്കും ലാപ്ടോപ്പുകൾ നൽകും. രസീതുകൾക്ക് പകരം ലാപ്ടോപ് വഴിയാകും പിഴ ചുമത്തുക.

പിഴ വരുന്ന വഴി

1. കൃത്രിമ ബുദ്ധിയുള്ള വയലെസ് കാമറകൾ റോഡിലെ നിയമലംഘനങ്ങൾ ഒപ്പിയെടുക്കും.

2. ചത്രങ്ങൾ പോകുക മോട്ടോർ വാഹന വകുപ്പിന്റെ കേന്ദ്ര കൺട്രോൾ റൂമിലേക്ക്.

3. പിന്നീട് അവിടെ നിന്ന് അതാത് ജില്ലാ കൺട്രോൾ റൂമിലേക്ക്.

4. പിഴ ചുമത്തിയ ഇ - ചെല്ലാൻ ഇ- മെയിലായോ ഓൺലൈനായോ അപ്പോൾ തന്നെ അയയ്ക്കും.

5. പിഴത്തുക വാഹന ഉടമകൾക്ക് ഓൺലൈനായി അടയ്ക്കാൻ സൗകര്യം.

സ്ഥാപിക്കുന്നത്

 കെൽട്രോൺ

കാമറകൾ: 75

(പോർട്ടബിൾ, വയർലെസ്)

''

സേഫ് കേരള പദ്ധതിയുടെ ഭാഗമായുള്ള കൺട്രോൾ റൂമിലാകും പുതിയ സംവിധാനങ്ങളുടെ ഏകോപനം. കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനിൽ കൺട്രോൾ റൂമിന്റെ സജ്ജീകരണം പുരോഗമിക്കുകയാണ്. അടുത്തിടെ സേഫ് കേരള പദ്ധതിയുടെ നോഡൽ ഓഫീസറും കെൽട്രോൾ ഉദ്യോഗസ്ഥരും അടങ്ങുന്ന സംയുക്ത സംഘം കൺട്രോൾ റൂമിനായി അനുവദിച്ച സ്ഥലം സന്ദർശിച്ചിരുന്നു.

ഡി. മഹേഷ്, ആർ.ടി.ഒ, എൻഫോഴ്സ്‌മെന്റ്