കരുനാഗപ്പള്ളി: പള്ളിക്കലാറിന് കുറുകേ തൊടിയൂരിൽ ജലവിഭവ വകുപ്പ് നിർമ്മിച്ച തടയണയുടെ മദ്ധ്യഭാഗം പൊളിച്ചുനീക്കി നീരൊഴുക്ക് സുഗമമാക്കാൻ ആർ. രാമചന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ കൂടിയ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. അശാസ്ത്രീയമായ തടയണ കാരണം പുഞ്ചയും പരിസര പ്രദേശങ്ങളും വെള്ളക്കെട്ടിലായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി എം.എൽ.എ മുഖ്യമന്ത്രിക്കും ജലവിഭവ വകുപ്പ് മന്ത്രിക്കും നിവേദനങ്ങൾ നൽകി.
തുടർന്ന് ജലസേചന വകുപ്പ് ചീഫ് എൻജിനീയർ ഡി. ബിജുവിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തു നിന്നുള്ള ഉന്നത ഉദ്യോഗസ്ഥസംഘം ഇന്നലെ തടയണയും പരിസര പ്രദേശങ്ങളും സന്ദർശിച്ചു. തടയണയുടെ അശാസ്ത്രീയത ബോദ്ധ്യപ്പെട്ട സംഘം എം.എൽ.എയുടെ ഓഫീസിലെത്തി കാര്യങ്ങൾ ചർച്ച ചെയ്യുകയും നീരൊഴുക്കിന് തടസമായി നിൽക്കുന്ന മദ്ധ്യഭാഗം പൊളിച്ചുമാറ്റാൻ തീരുമാനിക്കുകയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് വകുപ്പ് മന്ത്രിക്ക് ഇന്നലെ തന്നെ കൈമാറി. തടയണയുടെ മദ്ധ്യഭാഗം ഉടൻതന്നെ പൊളിച്ചുമാറ്റുന്നതിന് നടപടി സ്വീകരിക്കുമെന്ന് ചീഫ് എൻജിനീയർ പറഞ്ഞു.
നിർമ്മിച്ചത് ഒരുവർഷം മുമ്പ്
തൊടിയൂർ, തഴവാ ഗ്രാമപഞ്ചായത്തുകളിലെ പുഞ്ചപ്പാടങ്ങളുടെ കാർഷിക അഭിവൃദ്ധി ലക്ഷ്യമിട്ടാണ് ഒരു വർഷത്തിന് മുമ്പ് ജലവിഭവ വകുപ്പ് തടയണ നിർമ്മിച്ചത്. എന്നാൽ ഇതിലെ അപാകതകൾ കാരണം പുഞ്ചയും പരിസര പ്രദേശങ്ങളും വെള്ളക്കെട്ടായി മാറി. ഇതിനെതിരെ കോൺഗ്രസിന്റെയും യു.ഡി.എഫ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ സമര പരിപാടികൾ സംഘടിപ്പിച്ച് വരികയാണ്.