
കൊട്ടാരക്കര: പുത്തൂർ -പൂവറ്റൂർ റോഡിൽ പൂവറ്റൂർ ആരോഗ്യ കേന്ദ്രത്തിന് സമീപത്തെ കലുങ്കിന്റെ നിർമ്മാണം പൂർത്തീകരണത്തിലേക്ക്. ഏറെ വിവാദങ്ങൾക്ക് ശേഷമാണ് ഇവിടെ കലുങ്ക് നിർമ്മാണം ആരംഭിച്ചത്. കലുങ്കിനോട് ചേർന്നുള്ള ഓടയുടെ നിർമ്മാണവും അവസാനഘട്ടത്തിലാണ്. ഇരുവശവും കോൺക്രീറ്റ് ചെയ്താണ് ഓടയും നിർമ്മിച്ചത്.
ചീരങ്കാവ് - പുത്തൂർ - പൂവറ്റൂർ - പുത്തൂർ മുക്ക് റോഡിന്റെ നവീകരണ പദ്ധതിയുടെ ഭാഗമായിട്ടാണ് കലുങ്ക് നിർമ്മാണം. പി. ഐഷാപോറ്റി എം.എൽ.എയുടെ ശ്രമഫലമായി 18 കോടി 65 ലക്ഷം രൂപയാണ് റോഡ് നവീകരണത്തിന് അനുവദിച്ചത്. റോഡരികിലെ ഓടയ്ക്ക് മുകളിൽ മതിൽ കെട്ടി സ്വകാര്യ വ്യക്തി റോഡിന്റെ ഭാഗം കൈയടക്കിയിരിക്കുകയാണെന്ന് നേരത്തെ ആക്ഷേപം നിലനിന്നിരുന്നു. താലൂക്ക് സർവേയർ എത്തി പൊതുമരാമത്ത് വകുപ്പ് സബ് എൻജിനീയർമാരുടെ സാന്നിദ്ധ്യത്തിൽ ഭൂമി അളന്ന് തിട്ടപ്പെടുത്തി മതിൽ പൊളിച്ച് നീക്കുകയായിരുന്നു.
വെള്ളക്കെട്ടിന്റെ പ്രശ്നം തീർന്നു
ഏലായ്ക്ക് നടുവിലൂടെയാണ് ഇവിടെ റോഡ് കടന്നുപോകുന്നത്. പൂവറ്റൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ സമീപം എന്നും വെള്ളക്കെട്ടാണെന്ന് പരാതിയുമുണ്ടായിരുന്നു. പൂവറ്റൂർ ജംഗ്ഷൻ, ക്ഷേത്രപരിസരം, ആശുപത്രി പരിസരം, ആനപ്പാറ തുടങ്ങി ഉയർന്ന ഭാഗങ്ങളിൽ നിന്നെല്ലാം മഴവെള്ളം ഒഴുകിയെത്തുന്ന ഭാഗമാണിത്. ചെറിയ മഴയിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ഇതുകാരണം റോഡിലെ ടാറിംഗും കൂടുതൽ നാൾ നിൽക്കില്ല. പൊട്ടിപ്പൊളിഞ്ഞ റോഡിൽക്കൂടി ഗതാഗതം തുടർന്നപ്പോൾ പ്രതിഷേധങ്ങളും ഏറെയുണ്ടായി. എന്നാൽ കലുങ്ക് വന്നതോടെ വെള്ളക്കെട്ടിന്റെ പ്രശ്നങ്ങൾ തീർന്നു. നവീകരണം പൂർത്തിയാകുമ്പോൾ പരാതികളും മാറുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.