പരിസരം ശുചീകരിച്ച ശേഷം ഉദ്ഘാടനം നടത്തി
ചാത്തന്നൂർ: പൂതക്കുളം ഗ്രാമ പഞ്ചായത്തിലെ കലയ്ക്കോട്, പാറവിള കോളനിയിൽ പുതുതായി നിർമ്മിച്ച സാംസ്കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ ജനങ്ങളുടെ പ്രതിഷേധം. വൃത്തിഹീനമായ ചുറ്റുപാടിൽ സാംസ്‌കാരിക കേന്ദ്രം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴാണ് ഐ. എൻ.ടി.യു.സിയുടെയും പൊതുജനങ്ങളുടെയും നേതൃത്വത്തിൽ തടഞ്ഞത്. പ്രതിഷേധത്തെ തുടർന്ന് പരിസര ശുചീകരണം നടത്തിയ ശേഷം കെട്ടിടം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ ഉദ്ഘാടനച്ചടങ്ങ് നടത്തി ജനങ്ങളെ പറ്റിക്കാൻ ശ്രമിച്ചവർക്കുള്ള ചുട്ട മറുപടിയാണ് ജനങ്ങൾ നൽകിയതെന്ന് ഐ. എൻ.ടി.യു.സി പൂതക്കുളം മണ്ഡലം കമ്മിറ്റി പറഞ്ഞു. ഐ. എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് കെ. സുനിൽകുമാർ, വിജേന്ദ്ര കുറുപ്പ്, നൗഷാദ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.