mask
മാസ്ക്

കൊല്ലം: 'ഇങ്ങനെയാണോ മാസ്ക് ധരിക്കുന്നത് ?" മൂക്കും വായും മൂടാതെ അലക്ഷ്യമായി മാസ്ക് ധരിച്ച് പ്രതിക്കൂട്ടിൽ കയറിനിന്ന പ്രതിയോട് ജഡ്ജി ഇങ്ങനെ ചോദിച്ചപ്പോൾ കോടതി മുറിയിലിരുന്ന അഭിഭാഷകർക്കും കൗതുകമായി. തുടർന്ന് നിർബന്ധമായും എല്ലാവരും മാസ്ക് ധരിക്കണമെന്നും മൂക്കും വായും മൂടാതെ താടിയിൽ താഴ്ത്തി വയ്ക്കുന്നത് അപകടമാണെന്നും ജഡ്ജി പറഞ്ഞു.

കൊല്ലം കോടതികളിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രവർത്തിക്കുന്ന പ്രിൻസിപ്പൽ അസി. സെഷൻസ് കോടതി ജഡ്ജി ഡോണി തോമസ് വർഗീസാണ് പ്രതിയെ ശാസിച്ചതും ബോധവത്കരണം നടത്തിയതും.

അരലിറ്ററിന്റെ 21 കുപ്പി വിദേശമദ്യവും 46,750 രൂപയും വീട്ടിൽ നിന്ന് എക്സൈസ് സംഘം പിടിച്ചെടുത്ത കേസിലെ പ്രതിയെയാണ് കോടതി മാസ്കിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിച്ചത്.

കേസ് വിളിച്ചപ്പോൾ പ്രതിക്കൂട്ടിലേക്ക് കയറിയ പ്രതി മാസ്ക് ധരിച്ചിരുന്നെങ്കിലും വായും മൂക്കും മൂടാതെ താടിഭാഗത്ത് താഴ്ത്തി വച്ചിരിക്കുകയായിരുന്നു. ഇതാണ് ജഡ്ജിയെ ചൊടിപ്പിച്ചത്. തുടർന്ന് പ്രതിയെ ശരിയായി മാസ്ക് ധരിക്കുന്നതെങ്ങനെയെന്ന് ബോധവത്കരിക്കാൻ കോടതി ജീവനക്കരനെ ജഡ്ജി ചുമതലപ്പെടുത്തി. കൊവിഡ് പ്രോട്ടോകോൾ പ്രകാരം ജഡ്ജിയും അഭിഭാഷകരും വാദിയും പ്രതിയും ജീവനക്കാരും അടക്കം പത്തുപേരെ മാത്രമാണ് പ്രിൻസിപ്പൽ അസി. സെഷൻസ് കോടതിയിൽ അനുവദിച്ചിട്ടുള്ളത്. സാമൂഹിക അകലവും കർശനമായി പാലിക്കുന്നുണ്ട്.