uthra

കൊല്ലം: ഉത്രയുടെ മരണത്തിലെ അസ്വാഭാവികതയെക്കുറിച്ച് വീട്ടുകാർ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ സൂരജിനോട് തന്റെ സുഹൃത്തിന്റെ വീട്ടിലേക്കു താമസം മാറ്റാൻ സഹോദരി സൂര്യ ആവശ്യപ്പെട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. സംഭവത്തിന്റെ ഗൗരവത്തെക്കുറിച്ച് സൂര്യയ്ക്ക് അറിവുണ്ടായിരുന്നിരിക്കാമെന്നാണ് ഇതിൽ നിന്ന് അന്വേഷണ സംഘം അനുമാനിക്കുന്നത്.

സൂരജ് അറസ്റ്റിലാകും വരെ നിരപരാധിയെന്നാണ് താൻ വിശ്വസിച്ചിരുന്നതെന്നാണ് ചോദ്യം ചെയ്യലിൽ സൂര്യ പറഞ്ഞത്. നിരപരാധിയായ ഒരാളോട് എന്തിന് ഒളിവിൽ പോകാൻ ആവശ്യപ്പെട്ടു എന്ന ചോദ്യത്തിന് ഉത്തരമില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും അറിയില്ലെന്ന സൂര്യയുടെ മൊഴി പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഒളിവിൽ പോയ സമയത്ത് സൂരജ് സൂര്യയുടെ സുഹൃത്തിന്റെ ഫോണിലൂടെയാണ് പലരെയും ബന്ധപ്പെടുകയും വാട്സ് ആപ്പ് സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തിരുന്നതെന്നും കണ്ടെത്തി.

സ്വന്തം ഫോൺ ഉപയോഗിക്കാതിരുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും പൊലീസ് കരുതുന്നു. രണ്ടു ദിവസത്തിനുള്ളിൽ വീണ്ടും സൂര്യയെയും അമ്മ രേണുകയെയും ചോദ്യം ചെയ്യും.