electricity
വൈദ്യുതി ബില്ലിൽ ഇരട്ടി ഷോക്ക് !

 3,​000 രൂപ അടച്ചിരുന്ന ഉപഭോക്താവിന്റെ ഇപ്പോഴത്തെ ബിൽ തുക 11,666

കൊല്ലം: ലോക്ക് ഡൗണിന് പിന്നാലെ വൈദ്യുതി ബില്ലിന്റെ മറവിൽ കെ.എസ്.ഇ.ബി തീവെട്ടിക്കൊള്ള നടത്തുന്നുവെന്ന പരാതി വ്യാപകമാകുന്നു. വൈദ്യുതി ബോർഡിന്റെ പ്രവർത്തന നഷ്ടം മറികടക്കാൻ ദുരിത കാലത്തും ജനങ്ങളെ കൊള്ളയടിക്കുകയാണെന്നാണ് വിമർശനം. 'എന്തിനിങ്ങനെ പിഴിയുന്നു?' എന്ന തലക്കെട്ടിൽ ഇത് സംബന്ധിച്ച് കേരളകൗമുദി ഇന്നലെ എഡിറ്റോറിയലും പ്രസിദ്ധീകരിച്ചിരുന്നു.

ലോക്ക് ഡൗണിന് മുമ്പ് ശരാശരി മൂവായിരം രൂപയുടെ ബില്ല് ലഭിച്ചിരുന്ന കൊല്ലം തട്ടാമലയിലെ ഉപഭോക്താവിന് കഴിഞ്ഞ ദിവസം ലഭിച്ചത് 11,666 രൂപയുടെ ബില്ലാണ്. ലോക്ക് ഡൗൺ സമയത്ത് കെ.എസ്.ഇ.ബി കണക്കാക്കി നൽകിയ 2,600 രൂപയുടെ ബില്ല് ഇദ്ദേഹം ഓൺലൈനായി അടച്ചിരുന്നു. ഇത്തരത്തിലുള്ള എണ്ണമറ്റ പരാതികളോട് നിഷേധാത്മകമായാണ് ബോർഡ് അധികൃതരുടെ പെരുമാറ്റം. വൈദ്യുതി ബില്ലിനെ സംബന്ധിച്ച് പരാതികൾ ഉള്ളവർക്ക് സെക്ഷൻ ഓഫീസുകളിൽ നേരിട്ടെത്തി പരാതി അറിയിക്കാമെന്ന കെ.എസ്.ഇ.ബി ഉന്നതരുടെ വാക്ക് വിശ്വസിച്ചെത്തിയവരും നിരാശരായി.

ബില്ലിനെ സംബന്ധിച്ച പരാതികളൊന്നും കേൾക്കാൻ തയ്യാറാകാതെ പതിനായിരം രൂപയുടെ ബില്ല് രണ്ട് തവണയായി അടച്ചാൽ മതിയെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥർ. സർക്കാർ - സ്വകാര്യ മേഖലകൾ തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ആശ്വാസ പദ്ധതികൾ പ്രഖ്യാപിച്ചതിനൊപ്പം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളടക്കം ലോണുകൾക്ക് മൂന്ന് മാസത്തെ മൊറട്ടോറിയവും നൽകി. ഈ ഘട്ടത്തിലാണ് ഒരു തരത്തിലുള്ള സാമൂഹിക പ്രതിബദ്ധതയും പ്രകടിപ്പിക്കാതെ കെ.എസ്.ഇ.ബി പകൽ കൊള്ള തുടരുന്നതെന്നാണ് വിമർശനം.

പരാതി ആരോട് പറയും?

ബില്ലിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് ബോദ്ധ്യപ്പെട്ടപ്പോൾ കെ.എസ്.ഇ.ബിയുടെ 1912 എന്ന കസ്റ്റമർ കെയർ നമ്പരിലേക്ക് തുടരെ വിളിച്ചിട്ടും പലർക്കും പ്രതികരണം കിട്ടുന്നില്ല. സെക്ഷൻ ഓഫീസുകളിൽ പരാതി പറയാൻ എത്തുന്നവരുടെ തിരക്കുള്ളതിനാൽ മിക്കവരും പിൻവലിയുന്നു. ഇത്തവണ ബില്ല് അടച്ച ശേഷം അടുത്ത തവണ കൂടി നോക്കാം എന്ന് കരുതുന്നവരും കുറവല്ല.

ബില്ലിന്റെ മറവിലെ തട്ടിപ്പ്

പ്രതിമാസ ഉപയോഗം 250 യൂണിറ്റിൽ കൂടുതലായാൽ എല്ലാ യൂണിറ്റിനും 5.8 രൂപ മുതൽ മുകളിലേക്ക് നൽകേണ്ടി വരും. ഇതിനാൽ ഉപഭോഗം 250 യൂണിറ്റിനുള്ളിൽ നിറുത്താൻ ശ്രമിക്കുന്നവരാണ് ഉപഭോക്താക്കളിൽ മിക്കവരും. പക്ഷേ, ഇപ്പോൾ ലോക്ക് ഡൗൺ കാലത്തെ ഉപഭോഗത്തെ ഒരുമിച്ച് കണക്കാക്കി ബില്ല് നൽകിയതോടെ തുക പ്രതീക്ഷിച്ചതിന്റെ ഇരട്ടിയായി. ജനങ്ങളുടെ മേൽ അനാവശ്യ ഭാരം അടിച്ചേൽപ്പിക്കലാണെന്ന് തിരിച്ചറിഞ്ഞിട്ടും അത് തിരുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല. കെ.എസ്.ഇ.ബി പരസ്യപ്പെടുത്തിയ താരിഫ് നിരക്കുകളുമായി ഇപ്പോഴത്തെ ബില്ലിനെ താരതമ്യപ്പെടുത്തുമ്പോൾ കണക്കുകൾ പൊരുത്തപ്പെടുന്നില്ലെന്നതും ഗൗരവകരമാണ്.

എനർജി ചാർജ് കണക്കാക്കുന്നത്

(250 യൂണിറ്റ് വരെ ടെലിസ്കോപ്പിക് ശൈലി)

1. 50 യൂണിറ്റ് വരെ 3.15 രൂപ

2. 51 മുതൽ 100 വരെ 3.70 രൂപ

3. 101 മുതൽ 150 വരെ 4.80 രൂപ

4. 151 മുതൽ 200 വരെ 6.40 രൂപ

5. 201 മുതൽ 250 വരെ 7.60 രൂപ

6. 0 മുതൽ 300 വരെ 5.8 രൂപ

7. 0 മുതൽ 350 വരെ 6.60 രൂപ

8. 0 മുതൽ 400 വരെ 6.90 രൂപ

9. 0 മുതൽ 500 വരെ 7.10 രൂപ

10. 500ന് മുകളിൽ 7.90 രൂപ

11. മാസ ഉപയോഗം 120 യൂണിറ്റ് കടന്നാൽ സബ്സിഡി ലഭിക്കില്ല

12. ഉപഭോഗം കൂടുന്നത് അനുസരിച്ച് ഫിക്സഡ് ചാർജിലും മാറ്റം വരും

''

1912 നമ്പരിൽ തുടരെ വിളിച്ചിട്ടും കസ്റ്റമർ കെയർ എക്സിക്യുട്ടീവിനെ കിട്ടുന്നില്ല. സെക്ഷൻ ഓഫീസിൽ തിരക്കായിരിക്കുമെന്ന് കരുതി അങ്ങോട്ട് പോയില്ല.

ഉപഭോക്താവ്, കൊല്ലം