ഓയൂർ: ദുബായിൽ നിന്നെത്തി രഹസ്യമായി വീട്ടിൽ താമസിച്ച യുവാവിനെ നാട്ടുകാർ പൊലീസിന്റെ സഹായത്തോടെ ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റി. ദുബായിൽ നിന്ന് കഴിഞ്ഞ ദിവസം വെളുപ്പിന് തിരുവനന്തപുരം എയർപോർട്ടിലെത്തിയ കുടവട്ടൂർ സ്വദേശിയായ യുവാവിനെ ക്വാറന്റൈൻ സെന്ററിലേക്ക് പോകാൻ നിർദ്ദേശിച്ചു. എന്നാൽ പണം കൊടുത്തുള്ള ക്വാറന്റൈൻ സെന്ററിലേക്ക് മാറാമെന്ന് സമ്മതിച്ച ശേഷം ആട്ടോയിൽ രഹസ്യമായി കുടവട്ടൂരിലെ വീട്ടിലെത്തുകയായിരുന്നു. ആരോഗ്യ വകുപ്പോ പഞ്ചായത്ത് അധികൃതരോ പൊലീസോ അറിയാതെ വീട്ടിലെത്തിയതിനെ തുടർന്ന് വിവരമറിഞ്ഞ പരിസരവാസികൾ ബഹളമുണ്ടാക്കി. സംഭവമറിഞ്ഞെത്തിയ പൂയപ്പള്ളി സ്റ്റേഷനിലെ ജനമൈത്രി പൊലീസ് വീട്ടുകാരെ കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയശേഷം ഇയാളെ കൊട്ടാരക്കരയിലുള്ള ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.