കൊല്ലം: ജില്ലയിൽ ഇന്നലെ എട്ടുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം മൂലമുള്ള രോഗബാധയില്ല. മോസ്കോ, നൈജീരിയ, ബഹ്റിൻ, മുംബയ് എന്നിവിടങ്ങളിൽ നിന്ന് എത്തിയവർക്കാണ് രോഗം. രണ്ടുപേർ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരായ കൊല്ലം ജില്ലക്കാരുടെ എണ്ണം 99 ആയി.
ജൂൺ 1ന് മോസ്കോയിൽ നിന്നുമെത്തിയ റഷ്യയിലെ മെഡിക്കൽ വിദ്യാർത്ഥികളായ കൊട്ടാരക്കര മൈലം ഇഞ്ചക്കാട് സ്വദേശിനി (20), പത്തനാപുരം നടുക്കുന്ന് സ്വദേശിനി (20), കരുനാഗപ്പള്ളി തഴവ മണപ്പള്ളി സ്വദേശി (20), നൈജീരിയയിൽ നിന്ന് മേയ് 31ന് എത്തിയ പവിത്രേശ്വരം മാറനാട് സ്വദേശി (40), മൈനാഗപ്പള്ളി ഇടവനശേരി സ്വദേശി (32), കൊല്ലം മങ്ങാട് കിളികൊല്ലൂർ സ്വദേശി (37), ബഹ്റിനിൽ നിന്ന് ജൂൺ ആറിനെത്തിയ കരുനാഗപ്പള്ളി തൊടിയൂർ സ്വദേശി (33), മുംബയിൽ നിന്ന് ജൂൺ 5നെത്തിയ മൈനാഗപ്പള്ളി സ്വദേശി (54) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാവരെയും പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.