വിവിധ ആവശ്യങ്ങൾക്ക് കൂടുതൽ ജനങ്ങളെത്തുന്നു
കൊല്ലം: സർക്കാർ സ്ഥാപനങ്ങൾ സാധാരണ നിലയിലായതോടെ ലോക്ക് ഡൗൺ നിയന്ത്റണ കാലത്ത് മുടങ്ങിക്കിടന്ന വിവിധ ആവശ്യങ്ങൾക്കായി കൂടുതൽ ജനങ്ങൾ ഓഫീസുകളിലേക്ക്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് എല്ലാ ജീവനക്കാരും ജോലിക്കെത്തിത്തുടങ്ങിയത്. വില്ലേജ് ഓഫീസുകൾ, കൃഷി ഭവനുകൾ, പഞ്ചായത്ത് ഓഫീസ് തുടങ്ങി താഴേത്തട്ടിലെ ഓഫീസുകളിൽ പ്രതിദിനം നൂറ് കണക്കിന് ആളുകളാണ് എത്തുന്നത്.
സുഭിക്ഷ കേരളം പദ്ധതി ആരംഭിച്ചതോടെ വിവിധ കാർഷിക പദ്ധതികൾ, സബ്സിഡികൾ എന്നിവയുടെ വിവരങ്ങൾ അറിയാനും അപേക്ഷ നൽകാനും തിരക്കുണ്ട്. കരം അടയ്‌ക്കാൻ എത്തുന്നവരുടെ തിരക്ക് വില്ലേജ് ഓഫീസുകളിൽ നിയന്ത്രണാതീതമാകുന്നുണ്ട്. 150 മുതൽ 200 കരം വരെ അടയ്ക്കേണ്ടി വരുന്ന വില്ലേജ് ഓഫീസുകളും ജില്ലയിലുണ്ട്. കൊവിഡ് മാനദണ്ഡങ്ങളും സുരക്ഷയും പാലിക്കേണ്ടതിനാൽ പൊതു ജനങ്ങൾക്ക് പ്രവേശനം അനുവദിക്കാത്ത ഓഫീസുകളുമുണ്ട്.
ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവരിൽ വാഹന സൗകര്യമില്ലാത്തവർ താത്കാലിക താമസ കേന്ദ്രങ്ങളിലാണ് തങ്ങുന്നത്. കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസുകൾ നിരത്തിൽ കുറവായതിനാൽ ജീവനക്കാരിൽ മിക്കവരും സ്വകാര്യ വാഹനങ്ങളിലാണ് ഓഫീസിലെത്തുന്നത്. കൂട്ടം ചേർന്ന് വാഹനങ്ങൾ വാടകയ്ക്ക് വിളിച്ച് എത്തുന്നവരുമുണ്ട്. ജില്ലയിലെ കോടതികളുടെ പ്രവർത്തനവും മുടക്കമില്ലാതെ നടക്കുന്നു.
സാമൂഹിക അകലം വെല്ലുവിളി
വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്കിടയിൽ സാമൂഹിക അകലം ഉറപ്പാക്കാൻ കഴിയാത്തത് വെല്ലുവിളിയാണ്. ജില്ലാ മെഡിക്കൽ ഓഫീസിന് സമീപത്തെ മോട്ടോർ വാഹന വകുപ്പിന്റെ ജില്ലാ ആസ്ഥാനത്തടക്കം അപേക്ഷകരുടെ തിരക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല. ഇരുന്നോളം പേരാണ് പലപ്പോഴും ഒരേ സമയം ഇവിടെ വരാന്തയിൽ കൂട്ടം കൂടി നിൽക്കുന്നത്.
താലൂക്ക് ഓഫീസുകൾ
കൊല്ലം
പത്തനാപുരം
പുനലൂർ
കൊട്ടാരക്കര
കുന്നത്തൂർ
കരുനാഗപ്പള്ളി
''
സർക്കാർ സ്ഥാപനങ്ങളിൽ കൊവിഡ് മാനദണ്ഡം കർശനമായി പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. തിരക്ക് വർദ്ധിക്കുന്നതിന് അനുസരിച്ച് നിയന്ത്രണങ്ങളിൽ മാറ്റം വരും.
ബി. അബ്ദുൽ നാസർ
ജില്ലാ കളക്ടർ