ജനകീയ ഹോട്ടലുകൾ ജൂൺ അവസാനത്തോടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും
കൊല്ലം: സാധാരണക്കാരന്റെ വിശപ്പടക്കാൻ 20 രൂപയ്‌ക്ക് ഊണ് നൽകുന്ന ജില്ലയിലെ 53 ജനകീയ ഹോട്ടലുകളുടെ പ്രവർത്തനം ശ്രദ്ധേയമാകുന്നു. ലോക്ക് ഡൗൺ കാലത്ത്
ഒരാളും വിശന്നിരിക്കരുതെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ തുടങ്ങിയ സാമൂഹിക അടുക്കളകളാണ് മിക്കയിടത്തും ജനകീയ ഹോട്ടലുകളായി രൂപാന്തരപ്പെട്ടത്.
തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ കുടുംബശ്രീ സംരംഭക ഗ്രൂപ്പുകളാണ് ഹോട്ടലുകൾ നടത്തുന്നത്. ജൂൺ അവസാനത്തോടെ ജില്ലയിലെ 68 പഞ്ചായത്തുകളിലും നാല് മുനിസിപ്പാലിറ്റികളിലും ഒരു കോർപ്പറേഷനിലുമടക്കം എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലും ഹോട്ടലുകൾ ആരംഭിക്കുകയാണ് ലക്ഷ്യം. കൊല്ലം നഗരസഭയിൽ പത്ത് ഡിവിഷനുകൾക്ക് ഒരു ജനകീയ ഹോട്ടലെന്ന തരത്തിൽ പ്രവർത്തനം തുടങ്ങാനാണ് ധാരണ. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അവസാനിക്കുന്നതോടെ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കും. അതുവരെ ഭക്ഷണ പൊതികൾ നൽകും. ഗ്രാമ - നഗര വ്യത്യാസമില്ലാതെ എല്ലായിടത്തും ജനകീയ ഹോട്ടലിലെ ഭക്ഷണത്തിന് ആവശ്യക്കാരേറെയാണ്.
വിശപ്പടങ്ങും മനസും നിറയും
ചോറ്, തോരൻ, അച്ചാർ, സാമ്പാർ, അവിയൽ, പുളിശേരി തുടങ്ങി വ്യത്യസ്‌ത വിഭവങ്ങളോടെയാണ് 20 രൂപയ്ക്ക് ജനകീയ ഹോട്ടലുകൾ ഉച്ചയൂണ് ഒരുക്കുന്നത്. ചെറിയ തുക കൂടി നൽകിയാൽ മീൻ വറുത്തത്, കറി എന്നിവ വാങ്ങാം. പ്രഭാത ഭക്ഷണവും ഇവിടെ നിന്ന് കഴിക്കാം. പ്രദേശങ്ങളുടെ സ്വഭാവം അനുസരിച്ച് വിലയിൽ മാറ്റം വരുമെങ്കിലും മറ്റ് കടകളേക്കാൾ വലിയ വിലക്കുറവ് ഉറപ്പ് വരുത്തും.
ജനകീയ ഹോട്ടൽ പ്രവർത്തനം ഇങ്ങനെ
1. ഹോട്ടലിന് തദ്ദേശ സ്ഥാപനം സ്ഥലം കണ്ടെത്തി നൽകണം
2. സ്വന്തം സ്ഥലം അല്ലെങ്കിൽ തദ്ദേശ സ്ഥാപനം വാടക നൽകണം
3. വൈദ്യുതി ചാർജ്, വെള്ളക്കരം എന്നിവ തദ്ദേശ സ്ഥാപനം അടയ്ക്കണം
4. ഹോട്ടൽ തുടങ്ങാനായി സംരംഭക ഗ്രൂപ്പിന് അരലക്ഷം രൂപ കുടുംബശ്രീ റിവോൾവിംഗ് ഫണ്ട് നൽകും
5. വിൽക്കുന്ന ഓരോ ഉച്ചയൂണിനും 10 രൂപ കുടുംബശ്രീ സബ്സിഡി നൽകും
6. ഹോട്ടലിന് ആവശ്യമായ സാധനങ്ങൾ മൊത്തവിലയിൽ സപ്ലൈകോ നൽകും
ഊണ് വില: 20 രൂപ
(സ്പെഷ്യൽ ഒഴികെ)
ഹോട്ടലുകൾ: 53
''
53 ജനകീയ ഹോട്ടലുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഈ മാസം അവസാനത്തോടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജനകീയ ഹോട്ടലുകൾ സജ്ജമാകും.
എ.ജി.സന്തോഷ്
കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ