നീണ്ടകര ഹാർബറിൽ പഴകിയ മത്സ്യം വിൽക്കുന്നു
കൊല്ലം: നീണ്ടകര ഹാർബറിൽ പച്ചമീനെന്ന് പറഞ്ഞ് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പഴകിയ മത്സ്യം വിൽക്കുന്നു. ഹാർബർ കേന്ദ്രീകരിച്ചുള്ള മാഫിയാസംഘമാണ് വിശ്വാസ്യത തകർക്കുന്ന തരത്തിലുള്ള കള്ളക്കച്ചവടത്തിന് പിന്നിൽ.
നീണ്ടകര, ശക്തികുളങ്ങര ഹാർബറുകളിൽ നേരത്തെ തന്നെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പഴകിയ മീൻ രഹസ്യമായി കയറ്റി കച്ചവടം നടത്തിരുന്നു. വലിയ മത്സ്യങ്ങൾ വളരെ വിലകുറച്ചാണ് ഇവർ വിൽക്കുന്നത്. കോളൊത്ത സന്തോഷത്തിൽ കച്ചവടക്കാർ പഴകിയ മത്സ്യം വാങ്ങും. ഇതോടെ ലേലം ഇടിയും. മത്സ്യത്തൊഴിലാളികൾ പ്രശ്നം ഉണ്ടാക്കുന്നതോടെ രണ്ട് മൂന്നോ ദിവസത്തേക്ക് പിന്നീട് അന്യസംസ്ഥാന മത്സ്യം കയറ്റില്ല.
ലോക്ക് ഡൗൺ കാലത്ത് വള്ളങ്ങളും ബോട്ടുകളും കടലിൽ പോകാതിരുന്ന സമയത്ത് പോലും വൻ തോതിൽ അന്യസംസ്ഥാന മത്സ്യം ശക്തികുളങ്ങര ഹാർബർ കേന്ദ്രീകരിച്ച് വില്പന നടത്തിയിരുന്നു. ഇങ്ങനെ ഹാർബറിനുള്ളിൽ നിന്ന് പിടികൂടിയ വാഹനങ്ങളിൽ നിന്ന് ടൺ കണക്കിന് പഴകിയ മത്സ്യമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിച്ചത്.
ലോക്ക് ഡൗൺ കാലത്ത് ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായുള്ള പരിശോധന കൂടുതൽ ശക്തമായപ്പോൾ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യവരവ് അല്പം കുറഞ്ഞതാണ്. ഇപ്പോൾ ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെയാണ് വീണ്ടും ഹാർബറിനുള്ളിലേക്ക് മത്സ്യം രഹസ്യമായി കടത്തി കച്ചവടം നടത്തുന്നത്.
ചീഞ്ഞ മത്സ്യം ലേലഹാളിൽ എത്തുന്ന വഴി
നേരത്തെ:
1. രാത്രികാലങ്ങളിൽ ഇൻസുലേറ്റഡ് വാൻ ഹാർബറിൽ പ്രവേശിക്കും
2. ലേലം തുടങ്ങുന്നതിന് മുമ്പ് വാഹനം ഹാളിനടുത്ത് എത്തിക്കും
3. ആളുകൾ കൂടുന്നതോടെ മീൻപെട്ടി പുറത്തെറുക്കും
4. ചീഞ്ഞുതുടങ്ങിയ വലിയ മീനുകൾ കുറഞ്ഞ വിലയ്ക്ക് വിറ്റ് പണമാക്കും
ഇപ്പോൾ:
1. കൊവിഡ് നിയന്ത്രണമുള്ളതിനാൽ സ്ഥിരം പൊലീസ് സാന്നിദ്ധ്യം
2. പുറത്തുനിന്നുള്ള വാഹനങ്ങൾ കയറ്റിവിടുന്നത് ടോക്കണിലൂടെ
3. അതിനാൽ ഇൻസുലേറ്റഡ് വാനുകൾ തീരത്തെ കടവുകളിൽ അടുപ്പിക്കും
4. വലിയ മീനുകൾ വള്ളത്തിൽ കയറ്റി ഹാർബറിലെത്തിക്കും
ചട്ടം ഇതാണ്
പുറത്തുനിന്നുള്ള മത്സ്യം ഹാർബറുകളിൽ കയറ്റരുത്
''
നീണ്ടകര ഹാർബറിൽ പുറത്തുനിന്ന് അഴുകിയ മത്സ്യം എത്തിച്ച് വിൽപ്പന നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത് പിടികൂടാൻ പ്രത്യേക സ്ക്വാഡിനെ സജ്ജമാക്കി.
ശ്രീകല
ഫുഡ് സേഫ്ടി ജില്ലാ ഓഫീസർ