anganvadi

കൊല്ലം: പാട്ടും കളിചിരികളുമില്ലാതെ അങ്കണവാടികൾ അടഞ്ഞുകിടക്കുമ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത് അമ്മമാരാണ്. കുട്ടികളെ നോക്കേണ്ടതിനാൽ ലോക്ക് ഡൗണിൽ ഇളവ് അനുവദിച്ച് ഓഫീസുകളും സ്ഥാപനങ്ങളും തുറന്നിട്ടും പല അമ്മമാർക്കും ജോലിക്ക് പോകാനാകുന്നില്ല.

കുട്ടികൾ അക്ഷരങ്ങളും പാട്ടുകളും കളികളും പഠിക്കുമെന്നതിനൊപ്പം ജോലിക്ക് പോകുന്ന അമ്മമാർക്ക് പ്രത്യേക ആശ്വാസമാണ് അങ്കണവാടികൾ.

സ്കൂളുകളെപ്പോലെ ആട്ടോറിക്ഷയിൽ വന്ന് വീട്ടിൽ കുട്ടികളെ കൂട്ടിക്കൊണ്ടുവരെ പോകും. തിരിച്ചും അങ്ങനെ തന്നെ. കുഞ്ഞിനെ കുറിച്ചുള്ള ആശങ്കയില്ലാതെ ജോലിയും ചെയ്യാം. പക്ഷെ ഇപ്പോൾ സംഗതി ആകെ കുഴഞ്ഞിരിക്കുകയാണ്. പലർക്കും കുട്ടിയെ വിശ്വസിച്ച് ഏൽപ്പിക്കാൻ അടുത്ത് ബന്ധുവീടുകളുമില്ല.

സ്കൂളുകളിലെ ഓൺലൈൻ പഠനം പോലെ രക്ഷിതാക്കളുടെ വാട്സ്ആപ്പിലേക്കാണ് അംഗൻവാടി ടീച്ചറുടെ ക്ലാസ് വീഡിയോയായി എത്തുന്നത്. കു‌ഞ്ഞ് പഠിച്ച് പഠിച്ച് പല അമ്മമാരുടെയും ഫോൺ ഇതിനോടകം തവിടുപൊടിയാക്കി. സ്കൂൾ വിദ്യാർത്ഥികളുടേത് പോലെ അങ്കണവാടി കുട്ടികളുടെ ഓൺലൈൻ പഠനം പലയിടത്തും കാര്യക്ഷമമായി നടക്കുന്നില്ലെന്നും പരാതിയുണ്ട്. എല്ലാവർഷവും കെങ്കേമമായി പ്രവേശനോത്സവവും നടക്കുന്നതാണ്. പക്ഷെ ഇത്തവണ ഓൺലൈനായിട്ടായിരുന്നു പ്രവേശനോത്സവം.

കുഞ്ഞുങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കൾ ക്ലാസില്ലെങ്കിലും ടീച്ചർ ആഴ്ചതോറും വീട്ടിലെത്തിക്കുന്നുണ്ട്. അങ്കണവാടി വഴിയുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യപരിപാലന പ്രവർത്തനങ്ങളും ഇപ്പോൾ ഓൺലൈനാണ്. മൂലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി ആറുമാസം വരെ പ്രായുമുള്ള കുഞ്ഞിന്റെ അമ്മയ്ക്കും അച്ഛനുമുള്ള ക്ലാസും ഇത്തവണ ഓൺലൈനായാണ്.

ജില്ലയിലെ അങ്കണവാടികൾ: 2,723

ആകെ കുട്ടികൾ: 31,954