ശാസ്‌താംകോട്ട: ആറ് കുഞ്ഞുങ്ങളടക്കം പതിനൊന്ന് പേർ അന്തിയുറങ്ങുന്ന രണ്ടേമുക്കാൽ സെന്റ് ഭൂമിയിലെ ഈ കുടിൽ കാലവർഷത്തെ അതിജീവിക്കില്ലെന്ന് ഇവർക്കറിയാം. പോരുവഴി പഞ്ചായത്ത് പതിനാറാം വാർഡിലെ ഷാന്റി ഭവനിൽ സുശീലയും കുടുംബവുമാണ് തീരാദുരിതത്തിൽ ബുദ്ധിമുട്ടുന്നത്. ടാർപ്പോളിൻ ഷീറ്റുകളും മരക്കൊമ്പുകളും കൊണ്ട് നിർമ്മിച്ച കൂരയിലെ കുടുസു മുറിയിൽ സുശീല, രണ്ട് പെൺമക്കൾ, അവരുടെ ഭർത്താക്കൻമാർ, ആറ് ചെറുമക്കൾ എന്നിങ്ങനെ പതിനൊന്ന് പേരാണ് തിങ്ങിഞെരുങ്ങി കഴിഞ്ഞുകൂടുന്നത്. പതിനഞ്ച് വർഷം മുമ്പ് ഭർത്താവ് ഷാജി മരിച്ചത് മുതൽ രണ്ട് പെൺകുഞ്ഞുങ്ങളെയും ചേർത്ത് പിടിച്ച് ജീവിതത്തോട് പൊരുതാൻ തുടങ്ങിയതാണ് സുശീല. റോഡ് പണി, കൂലിപ്പണി തുടങ്ങി ചെയ്യാത്ത ജോലികളൊന്നുമില്ല. രണ്ട് മക്കളുടെയും വിവാഹം നടത്തിയെങ്കിലും ഭർത്താക്കൻമാർക്ക് സ്വന്തമായി വീടുണ്ടായിരുന്നില്ല. ജീവിത ബുദ്ധിമുട്ടുകൾക്കിടെ വാടക വീടുകൾ ഒഴിയേണ്ട സ്ഥിതി വന്നപ്പോൾ അവരും അമ്മയ്ക്കൊപ്പം ഇവിടെ താമസമാക്കി. സുശീലയുടെ മകൾ ഷാന്റിക്ക് നാല് മക്കളും ഇളയ മകൾ ഷൈനിക്ക് രണ്ട് മക്കളുമാണ്. ആറ് കുഞ്ഞുങ്ങളിൽ മൂത്തയാൾക്ക് ആറ് വയസാണ്. ഇരട്ടകളായ ഏറ്റവും ഇളയവർക്ക് ഒരു വയസും.
ഇവർ ലൈഫ് പദ്ധതിയിലുമില്ല
ഷാന്റിയും ഷൈനിയും ഹൃദയ സംബന്ധമായ രോഗത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഷാന്റിയുടെയും ഷൈനിയുടെയും ഭർത്താക്കൻമാർക്ക് ലോക്ക് ഡൗണിൽ കൂലിവേല മുടങ്ങിയതോടെ കുടുംബം തീരാ ദുരിതത്തിലായി. ഈ പട്ടികജാതി കുടുംബത്തെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകാൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.