buds-school
BUDS SCHOOL

 ബഡ്സ് സ്കൂളുകളിൽ വേതനമുടക്കം പതിവ്

കൊല്ലം: ബുദ്ധിവികാസത്തിൽ പിന്നിലായിപ്പോയ കുട്ടികളെ സ്നേഹവാത്സല്യങ്ങൾ ചൊരിഞ്ഞ് മക്കളെപ്പോലെ നോക്കുന്ന ബഡ് സ് സ്കൂൾ ജീവനക്കാർ വേതനം കിട്ടാതെ വലയുന്നു. വളരെയേറെ സഹനശക്തിവേണ്ടിവരുന്ന മറ്റൊരു തൊഴിൽ അപൂർവം. വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ക്ഷേമവും കരുതലും ഉറപ്പാക്കുന്ന ജീവനക്കാർക്ക് കൃത്യമായി വേതനം കൊടുക്കണമെന്ന് സർക്കാർ നിർദേശമുണ്ടെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ദയയില്ലാതെയാണ് പെരുമാറുന്നത്.

ബഡ്‌സ് സ്‌കൂളുകളും ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററുകളുമടക്കം 281 സ്ഥാപനങ്ങളിലായി 1,500ലേറെ ജീവനക്കാർ അരപട്ടിണിയിലാണ്. ഒരുമാസം കഴിഞ്ഞുകൂടാനുള്ള വേതനംപോലും കൃത്യമായി കിട്ടാറില്ല.

മലപ്പുറം, പാലക്കാട്, കോഴിക്കോട്,തിരുവനന്തപുരം ജില്ലകളിലെ സ്ഥാപനങ്ങളാണ് കടുത്ത വീഴ്ച വരുത്തുന്നത്. കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളിൽ വലിയ പ്രശ്നങ്ങൾ ഇല്ലാതെ പോകുന്നുണ്ട്.

കുടുംബശ്രീ തയ്യാറാക്കുന്ന ലിസ്റ്റിൽ നിന്നാണ് അദ്ധ്യാപകരെ നിയമിക്കുന്നത്. ഒരു ബഡ്‌സ് സ്‌കൂളിൽ കുറഞ്ഞത് മൂന്ന് അദ്ധ്യാപികമാർ വേണമെന്നാണ് നിയമം. പലേടത്തും ഒന്നോ രണ്ടോ പേരാണുള്ളത്. ആയമാരും ബസ് ഡ്രൈവർമാരും പാചകക്കാരുമായി വേറെയും ജീവനക്കാരുണ്ട്. ആർക്കും കൃത്യമായി ശമ്പളം കിട്ടാറില്ല. പരാതി പറഞ്ഞാൽ പിരിച്ചുവിടൽ ഭീഷണി മുഴക്കും.

കാലങ്ങളായുള്ള പരാതി

കുടുംബശ്രീ എക്‌സി. ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ സംസ്ഥാനത്തെ 98 സ്‌കൂളുകളിൽ കൃത്യമായോ, സർക്കാർ നിരക്കിലോ ശമ്പളം നൽകുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ഡയറക്ടർ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും സംസ്ഥനതല കോ-ഓർഡിനേഷൻ കമ്മിറ്റിക്കും റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നമാണ് പ്രതിബന്ധമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പറയുന്നു.

സംസ്ഥാനത്തെ ബഡ്‌സ് സ്‌കൂളുകൾ: 281

(ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററുകൾ അടക്കം)
ബഡ്സ് സ്കൂളുകളിലെ കുട്ടികൾ: 3,331
ബി.ആർ.സിയിലെ കുട്ടികൾ : 2,840

അദ്ധ്യാപികമാരുടെ ശമ്പളം: 30,700 രൂപ

ആയ: 15,000 - 20,000 രൂപ

(പകുതി ശമ്പളം പോലും ലഭിക്കുന്നില്ല)

വേതനം മുടക്കുന്നതിൽ മുന്നിൽ

 മലപ്പുറം

പാലക്കാട്

 കോഴിക്കോട്

 തിരുവനന്തപുരം

'' ജീവനക്കാർക്ക് ശമ്പളം കൃത്യമായി കിട്ടാറില്ലെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. നടപടിയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

കുടുംബശ്രീ അധികൃതർ