ana
കേസിൽ പിടിയിലായ പ്രതികൾ

പത്തനാപുരം :കോട്ടക്കയം വനമേഖലയിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ ചില പ്രതികൾ പിടിയിലായെങ്കിലും മൃഗവേട്ട സംഘത്തെപ്പറ്റി പൊലീസും വനം വകുപ്പും ചേർന്ന് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കെ.ബി. ഗണേശ് കുമാർ എം.എൽ.എ പറഞ്ഞു. പത്തനാപുരം, പുനലൂർ, അഞ്ചൽ, കുളത്തൂപ്പുഴ, പാലോട്, കോന്നി തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ച് വൻ വന്യമൃഗവേട്ട സംഘം പ്രവർത്തിക്കുന്നുണ്ട്. പന്നി, മ്ലാവ്, കാട്ടുപോത്ത്, മാൻ തുടങ്ങിയ മൃഗങ്ങളുടെ മാംസവും പാമ്പിൻ നെയ്യും വ്യാപാരം നടത്തുന്ന വൻ ലോബി പ്രവർത്തിക്കുന്നുണ്ടെന്നും ഗണേശ് കുമാർ പറഞ്ഞു. ആന ചരിഞ്ഞ കേസിൽ പിടിയിലായ പാടം ഇരുട്ടുത്തറ പറങ്കാംവിള വീട്ടിൽ പൊടിമോൻ എന്ന് വിളിക്കുന്ന അനിമോൻ (39), കലഞ്ഞൂർ മലയുടെ കിഴക്കേതിൽ വീട്ടിൽ ശരത് (24), പാടം നിരത്തുപാറ വീട്ടിൽ രഞ്ചിത്ത് (26) എന്നിവരെ റിമാൻഡ് ചെയ്തിരുന്നു. ഇവരെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷ നൽകിയെന്ന് പത്തനാപുരം റെയ്ഞ്ച് ഓഫീസർ എസ്. അനീഷ് പറഞ്ഞു.