al
പുത്തൂർ സ്കൂളിൽ ഫസ്റ്റ് ബെൽ മുഴങ്ങും സ്മാർട്ടായി

പുത്തൂർ: ഓൺലൈൻ ക്ലാസുകൾ തുടങ്ങിയതോടെ പുത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പഠന സൗകര്യങ്ങൾ ലഭ്യമല്ലാത്ത കുട്ടികൾക്ക് സഹായവുമായി സാമൂഹ്യ സംഘടനകളും വ്യക്തികളും രംഗത്തെത്തി. സ്മാർട്ട് ബെൽ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ പൊതുസമൂഹത്തിൽ നിന്ന് നിരവധി പേരാണ് സഹായങ്ങളുമായെത്തിയത്. ആദ്യഘട്ടമായി 10 കുട്ടികൾക്കാണ് പഠന സൗകര്യം ഒരുക്കുന്നത്. കായംകുളം എം.എസ്.എം കോളേജ് അലുംനി ഖത്തറിന്റെ നേതൃത്വത്തിൽ ഇന്ന് 7 ടി.വിയാണ് കുട്ടികൾക്കായി നൽകിയത്. സ്കൂളിൽ നടന്ന ലളിതമായ ചടങ്ങിൽ സംഘടനാ എക്സിക്യൂട്ടീവ് അംഗം അബ്ദുൽ റൗഫ് കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സ്കൂൾ പി.ടി.എ പ്രസിഡന്റുമായ എസ്. ശശികുമാറിന് ടെലിവിഷനുകൾ കൈമാറി. ഖത്തർ ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി ഡോ. സോനാ സോമന്റെ നിർദ്ദേശമനുസരിച്ചാണ് കുട്ടികൾക്ക് സഹായമെത്തിച്ചത്. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, പ്ലസ് ടു സയൻസ് ബാച്ച് പൂർവ വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ തുടങ്ങിയവർ പഠന സൗകര്യമൊരുക്കുന്നതിനായി നേരത്തേ തന്നെ തയ്യാറായിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അംഗം ആർ. രശ്മി, ഗ്രാമ പഞ്ചായത്ത് അംഗം വി. ആർദ്ര, പ്രിൻസിപ്പൽ എ. നൗഷാദ്, പ്രഥമാദ്ധ്യാപിക എം. ജലജ, എസ്.എം.സി ചെയർമാൻ മൈലംകുളം ദിലീപ്, പി.ടി.എ വൈസ് പ്രസിഡന്റ് വി.കെ. മോഹനൻ പിള്ള, എസ്.എം.സി വൈസ് ചെയർമാൻ പുത്തൂർ രാജേഷ്, സ്റ്റാഫ് സെക്രട്ടറി അരുൺ കുമാർ, അദ്ധ്യാപകൻ ബി. പ്രദീപ്, സംഘടനാ ഭാരവാഹികളായ അമീർ, ശ്രീകല എന്നിവർ ചടങ്ങിൽ പങ്കെടുത്തു.