പുനലൂർ: പുനലൂർ നഗരസഭയുടെ പുതിയ ചെയർമാനായി ഇടതുമുന്നണിയിലെ സി.പി.എം പ്രതിനിധിയും കലയനാട് വാർഡ് കൗൺസിലറുമായ അഡ്വ. കെ.എ. ലത്തീഫിനെ തിരഞ്ഞെടുത്തു. ഇന്നലെ രാവിലെ 11ന് നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയും നഗരസഭാ പ്രതിപക്ഷ നേതാവുമായ നെൽസൺ സെബാസ്റ്റ്യനുമായി നടന്ന മത്സരത്തിലാണ് കെ.എ. ലത്തീഫ് വിജയിച്ചത്. 35 അംഗ നഗരസഭാ കൗൺസിലിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് 20 വോട്ടും യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് 15 വോട്ടും ലഭിച്ചു. വരണാധികാരിയായ പുനലൂർ ഫോറസ്റ്റ് സെയിൽസ് ടിംബർ ഡി.എഫ്.ഒ അനിൽ ആന്റണിയുടെ മേൽനോട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടത്തിയത്. നഗരസഭാ ചെയർമാനും സി.പി.ഐ അംഗവുമായ കെ. രാജശേഖരൻ മാർച്ച് 4ന് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് ഇന്നലെ പുതിയ ചെയർമാനെ തിരഞ്ഞെടുത്തത്. ഭരണസമിതിയുടെ കാലാവധി കഴിയുന്നതുവരെ കെ.എ. ലത്തീഫ് ചെയർമാനായി തുടരും. കലാലയ രാഷ്ട്രീയത്തിലൂടെ പൊതു പ്രവർത്തന രംഗത്തെത്തിയ കെ.എ. ലത്തീഫ് അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. തിരുവനന്തപുരം ലാ കോളേജിൽ മന്ത്രി കെ. രാജുവിനൊപ്പം പഠനം പൂർത്തിയാക്കിയ ശേഷം പുനലൂരിൽ അഭിഭാഷകനായി പ്രവർത്തിച്ച് വരുന്നതിനിടെയാണ് സി.പി.എമ്മിന്റെയും വിവിധ ട്രേഡ് യൂണിയനുകളുടെയും നേതൃത്വം ഏറ്റെടുത്തത്. പുനലൂർ സർവീസ് സഹകരണ ബാങ്ക്, പത്തനാപുരം താലൂക്ക് സർക്കിൽ സഹകരണ യൂണിയൻ ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 22 വർഷം നഗരസഭയിലെ വിവിധ വാർഡുകളിൽ നിന്നും കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. നലവിൽ സി.പി.എം പുനലൂർ ഏരിയാ കമ്മിറ്റി അംഗമാണ്. തിരഞ്ഞെടുപ്പിന് ശേഷം ചേർന്ന അനുമോദന യോഗത്തിൽ മന്ത്രി കെ. രാജു, സി.പി.എം ഏരിയാ സെക്രട്ടറി എസ്. ബിജു, സി.പി.ഐ പുനലൂർ മണ്ഡലം സെക്രട്ടറി സി. അജയപ്രാസദ്, മുൻ ചെയർമാൻമാരായ എം.എ. രാജഗോപാൽ, കെ. രാജശേഖരൻ, കോൺഗ്രസ്(എസ്) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ധർമ്മരാജൻ, പ്രതിപക്ഷ നേതാവ് നെൽസൺ സെബാസ്റ്റ്യൻ, സഞ്ജു ബുഖാരി, നഗരസഭാ സെക്രട്ടറി ജി. രേണുകാ ദേവി തുടങ്ങിയവർ സംസാരിച്ചു.