കരുനാഗപ്പള്ളി: കൊല്ലം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും അയണിവേലിക്കുളങ്ങര ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ബാലവേല വിരുദ്ധ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. കൊല്ലം ജില്ലാ സബ് ജഡ്ജ് സുബിത ചിറയ്ക്കൽ ഉദ്ഘാടനം ചെയ്തു. അഡ്വ. വി.എസ്. ദേവിക നിയമപരമായ പരിരക്ഷകളെ കുറിച്ചും ഡോ. സുജിത് വിദ്യാധരൻ കൊവിഡ് കാലത്ത് കുട്ടികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ചും ക്ലാസെടുത്തു. പി.ടി.എ പ്രസിഡന്റ് ലാൽജി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ എം.എസ്. ഷിബു, സ്റ്റാഫ് സെക്രട്ടറി ടി. രാജീവ്, മാനേജർ മായാ ശ്രീകുമാർ, ഹെഡ്മാസ്റ്റർ മുർഷിദ് ചിങ്ങോലിൽ, കൊല്ലം ജില്ലാ ടി.എൽ.എസ്.സി സെക്രട്ടറി എസ്. ദയ , സ്കൂൾ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങളായ സിറിൾ, ഗംഗാറാം, അദ്ധ്യാപകരായ സുധീർ, മീര, മുനീർ, ഹാഫിസ് തുടങ്ങിയവർ പങ്കെടുത്തു.