കൊല്ലം: കാഷ്യൂ കോർപ്പറേഷൻ, കാപ്പക്സ് ഫാക്ടറി പടിക്കൽ കേരള കശുഅണ്ടി തൊഴിലാളി കോൺഗ്രസിന്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ നടത്തുന്ന സമരപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം അയത്തിൽ ഫാക്ടറി പടിക്കൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എ. ഷാനവാസ്ഖാൻ നിർവഹിച്ചു. യൂണിയൻ ജന. സെക്രട്ടറി സവിൻ സത്യൻ അദ്ധ്യക്ഷനായി.
ഫാക്ടറികളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും ബാങ്ക് അക്കൗണ്ട് വഴി നൽകാനുള്ള കോർപ്പറേഷൻ മാനേജ്‌മെന്റിന്റെ ഏകപക്ഷീയ തീരുമാനം നടപ്പാക്കരുത്, ടി.ഡി.എസിൽ നിന്ന് വേതന വിതരണത്തെ ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
യൂണിയൻ ജോ. സെക്രട്ടറി അജിത് ബേബി ഏകദിന ഉപവാസം അനുഷ്ഠിച്ചു. വർക്കിംഗ് പ്രസിഡന്റ് മംഗലത്ത് രാഘവൻ നായർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ. രാജ് മോഹൻ, യൂണിയൻ വൈസ് പ്രസിഡന്റുമാരായ എസ്. സുഭാഷ്, പെരിനാട് മുരളി, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ പാൽക്കുളങ്ങര ശശി, പി.കെ. അനിൽകുമാർ, കെ.ബി. ഷഹാൽ, സക്കീർ ഹുസൈൻ, കെ.കെ. അശോക് കുമാർ, അസീം തുടങ്ങിയവർ സംസാരിച്ചു.