gandhibhava
ഗാന്ധിഭവൻ സേവനപ്രവർത്തകരുടെ ഒരു ദിവസത്തെ ഹോണറേറിയം അടങ്ങുന്ന തുകക്കുള്ള ചെക്ക് വനിത കമ്മിഷനംഗം ഡോ. ഷാഹിദ കമാൽ ഏറ്റുവാങ്ങുന്നു

കൊല്ലം: പത്തനാപുരം ഗാന്ധിഭവനിലെ സേവന പ്രവർത്തകർ ഒരു ദിവസത്തെ ഹോണറേറിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് മാതൃക കാട്ടി. സംസ്ഥാന വനിതാ കമ്മിഷനംഗം ഡോ. ഷാഹിദ കമാൽ ഏറ്റുവാങ്ങി. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, ട്രസ്റ്റി പ്രസന്ന രാജൻ, അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഡബ്ബിംഗ് ആർട്ടിസ്റ്റും ഗാന്ധിഭവൻ സ്‌നേഹഗ്രാമം പഞ്ചായത്ത് പ്രസിഡന്റുമായ ആർ. ചന്ദ്രമോഹൻ, പി.സി.എം കെ. സാബു, സ്‌പെഷ്യൽ മാനേജർ എ.ജെ. അജിത എന്നിവർ 30,000 രൂപയുടെ ചെക്ക് കൈമാറിയത്. സേവനപ്രവർത്തകർക്ക് വിഷുക്കൈനീട്ടം നൽകാൻ മാറ്റിവച്ചിരുന്ന 27,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയതിന് പിന്നാലെയാണ് കൊവിഡ് കാലത്തെ പ്രവർത്തനങ്ങൾക്കായി വീണ്ടും സംഭാവന ചെയ്തത്. ഗാന്ധിഭവനിലെ 190 സേവനപ്രവർത്തകരും വരുമാനം ഇച്ഛിക്കാതെയാണ് പ്രവർത്തിക്കുന്നത്. ഇവർക്ക് പ്രതിമാസം നൽകുന്ന ഹോണറേറിയം വ്യക്തികളും സ്ഥാപനങ്ങളും സ്‌പോൺസർ ചെയ്യുന്നതാണ്. ഗാന്ധിഭവൻ കുടുംബാംഗവും നാടകകൃത്തും നടനുമായ അഹമ്മദ് മുസ്ലിം, മാദ്ധ്യമ പ്രവർത്തകൻ അൻവർ.എം. സാദത്ത്, ഗാന്ധിഭവൻ അസിസ്റ്റന്റ് പി.ആർ.ഒ എസ്. പ്രജിത്ത്, ഷെൽട്ടർ ഹോം സൂപ്രണ്ട് ആർ. ഷൈമ, മെഡിക്കൽ സൂപ്രണ്ട് ആർ. ശ്രീലത എന്നിവരും സംബന്ധിച്ചു.