കൊല്ലം: ഏറെ നാളുകൾക്ക് ശേഷം ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരേക്കാൾ കൂടുതലാളുകൾ രോഗമുക്തരായി. അഞ്ച് വയസുള്ള ആൺകുട്ടിയടക്കം മൂന്നുപേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഒരു വയസുകാരി ഉൾപ്പെടെ ഏഴുപേർ രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള കൊല്ലം സ്വദേശികളുടെ എണ്ണം 95 ആയി.
ഓച്ചിറ സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച അഞ്ചുവയസുകാരൻ. ജൂൺ 1ന് അമ്മയോടെപ്പം കുവൈറ്റിൽ നിന്നുമെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കുട്ടിയുടെ അമ്മയ്ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്. മേയ് 31ന് റിയാദിൽ നിന്നുമെത്തിയ ഓച്ചിറ മേമന സ്വദേശി (29), ജൂൺ 4ന് മുംബൈയിൽ നിന്നുമെത്തിയ ഉളിയക്കോവിൽ സ്വദേശി (48) എന്നിവരാണ് കൊവിഡ് സ്ഥിരീകരിച്ച മറ്റ് രണ്ടുപേർ.
മേയ് 26ന് രോഗം സ്ഥിരീകരിച്ച കുളത്തൂപ്പുഴയിലെ ഒരു വയസുള്ള പെൺകുട്ടി, മേയ് 24ന് രോഗം സ്ഥിരീകരിച്ച കല്ലുവാതുക്കൽ സ്വദേശിനി (24), ജൂൺ 1ന് സ്ഥിരീകരിച്ചവരായ 45 വയസുള്ള മേലില സ്വദേശിനി, 51 വയസുള്ള തൃക്കരുവ സ്വദേശി, ജൂൺ രണ്ടിന് രോഗം സ്ഥിരീകരിച്ചവരായ ചവറ സ്വദേശി (39 ), തൃക്കോവിൽവട്ടം സ്വദേശി (50 വയസ്), ജൂൺ 3ന് രോഗം സ്ഥിരീകരിച്ച തഴവ സ്വദേശി (31) എന്നിവരാണ് രേഗം ഭേദമായി ആശുപത്രി വിട്ടത്. ഇവർ ഏഴുപേരും പാരിപ്പള്ളി മെഡിക്കൽ കോളേജിലായിരുന്നു.