photo
നിർമ്മാണം നിലച്ച റൂറൽ എസ്.പി ഓഫീസ് മന്ദിരം

സബ് കരാറുകാരന് കുടിശിക തുകയിൽ 25 ലക്ഷം നൽകി

കൊട്ടാരക്കര: കൊല്ലം റൂറൽ എസ്.പി ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണം അടുത്ത ആഴ്ച പുനരാരംഭിക്കും. കരാറുകാരന് കുടിശികയുള്ളതിൽ 25 ലക്ഷം രൂപ കൈമാറി. 15 ലക്ഷം രൂപകൂടി നൽകുമെന്ന ഉറപ്പിലാണ് നിർമ്മാണം പുനരാരംഭിക്കുന്നത്. മൂന്ന് മാസത്തിനകം നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാമെന്നാണ് കണക്കുകൂട്ടൽ. 14,466 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്ന് നിലകളുള്ള കെട്ടിടമാണ് പൂർത്തിയാകുന്നത്. കോൺക്രീറ്റ് ജോലികൾ ഉൾപ്പടെ പൂർത്തിയായിട്ടുണ്ട്. ഭിത്തി കെട്ടിമറയ്ക്കലും അനുബന്ധ ജോലികളുമാണ് ഇനി അവശേഷിക്കുന്നത്. റൂറൽ ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് അനുവദിച്ചതിനാൽ ഹൈടെക് സംവിധാനമുള്ള ആസ്ഥാന മന്ദിരം അതിവേഗം പൂർത്തിയാക്കേണ്ടത് അനിവാര്യമാണ്.

58 കോടി രൂപയുടെ പദ്ധതി

സർക്കാൻ അനുവദിച്ച 58 കോടി രൂപ ഉപയോഗിച്ചാണ് ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണം നടക്കുന്നത്. അനുവദിച്ച തുകയിൽ നിന്നും കരാർ തുകയിൽ കുറവ് വന്നതിനാൽ ബാക്കിവരുന്ന തുക ഉപയോഗിച്ച് ഫർണിച്ചറുകളും മറ്റും വാങ്ങി ഓഫീസ് പ്രവർത്തനസജ്ജമാക്കും. കേരള പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് കരാർ നൽകിയത്. തുക കോർപ്പറേഷന് നേരത്തേ തന്നെ കൈമാറിയിരുന്നു. എന്നാൽ ട്രഷറി നിയന്ത്രണത്തെ തുടർന്ന് സബ് കരാർ ഏറ്റെടുത്തയാൾക്ക് 40 ലക്ഷം രൂപ നൽകാൻ വൈകി. ഇതേ തുടർന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിയത്.

ആസ്ഥാന മന്ദിരമൊരുങ്ങുന്നത് തൃക്കണ്ണമംഗലിൽ

കൊട്ടാരക്കര തൃക്കണ്ണമംഗൽ ഗാന്ധിമുക്കിന് സമീപം മുമ്പ് താലൂക്ക് ഓഫീസ് പ്രവർത്തിച്ചിരുന്ന കോമ്പൗണ്ടിലാണ് എസ്.പി ഓഫീസിന്റെ ആസ്ഥാന മന്ദിരം നിർമ്മിക്കുന്നത്. കല്ലട ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുനൽകിയതാണ്. ഗ്രൗണ്ട് ഫ്ളോറിൽ റിസപ്ഷൻ, റസ്റ്റ് റൂം, കാഷ് കൗണ്ടർ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഓഫീസ്, ജില്ലാ ക്രൈം റിക്കാർഡ്സ് ബ്യൂറോ ഡിവൈ.എസ്.പി ഓഫീസ്, ശൗചാലയങ്ങൾ എന്നിവയും ഒന്നാം നിലയിൽ എസ്.പിയുടെ ക്യാബിൻ, ഓഫീസ് ലോഞ്ച്, വിശ്രമ മുറികൾ, ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പിയുടെ ഓഫീസ്, ഭരണ വിഭാഗം ഡിവൈ.എസ്.പി ഓഫീസ്, നാർകോട്ടിക് സെൽ, സൈബർ സെൽ, വനിതാസെൽ, ശൗചാലയങ്ങൾ എന്നിവയും രണ്ടാം നിലയിൽ ടെലി കമ്മ്യൂണിക്കേഷൻ വിഭാഗം, അക്കൗണ്ട്സ് മാനേജർ ഓഫീസ്, മിനിസ്റ്റീരിയൽ വിഭാഗം, കോൺഫറൻസ് ഹാൾ, റിക്കോർഡ്സ് റൂം, ശൗചാലയങ്ങൾ എന്നിവയുമാണ് സജ്ജമാക്കുക.

അസൗകര്യങ്ങളിൽ നിന്ന് മോചനം

റസ്റ്റ് ഹൗസിനോട് ചേർന്ന പി.ഡബ്ളിയു.ഡി കെട്ടിടത്തിലാണ് അസൗകര്യങ്ങളുടെ നടുവിൽ എസ്.പി ഓഫീസ് പ്രവർത്തിച്ചു വരുന്നത്. എസ്.പിയെ കാണാനെത്തുന്നവർ ഏറെനേരം വരാന്തയിൽ ഇരിക്കേണ്ട ഗതികേടിലാണ്. ഫ്രണ്ട് ഓഫീസ്, ഡിവൈ.എസ്.പിമാരുടെ ഓഫീസുകൾ, സാങ്കേതിക വിഭാഗങ്ങൾ തുടങ്ങിയവ പരിമിത സൗകര്യങ്ങളിൽ വീർപ്പുമുട്ടുകയാണ്. 20 പൊലീസ് സ്റ്റേഷനുകളും എസ്.പി അടക്കം 2200 പൊലീസ് ഉദ്യോഗസ്ഥരുമടങ്ങുന്നതാണ് റൂറൽ പൊലീസ് ജില്ല. ഹെഡ് ക്വാർട്ടേഴ്സ് ആയതോടെ അംഗബലം ഇനിയും കൂടും.

മൂന്ന് മാസംകൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്ന്. ഡിപ്പാർട്ട്മെന്റ് മുഴുവൻ തുകയും കേരള പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷന് നൽകിയിട്ടുണ്ട്. അടുത്ത ആഴ്ച നിർമ്മാണം പുനരാരംഭിക്കും. ഹരിശങ്കർ, റൂറൽ എസ്.പി