vasu
ദേവസ്വം ബോർഡ് പ്രസിഡന്റ്

കൊട്ടാരക്കര: നൂറു കോടി രൂപ ചെലവിട്ട് കൊട്ടാരക്കരയിൽ ക്ഷേത്ര ടൗൺഷിപ്പ് നിർമ്മിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. വാസു വ്യക്തമാക്കി. കൊട്ടാരക്കര മണികണ്ഠേശ്വരം മഹാഗണപതി ക്ഷേത്രം, കൊട്ടാരക്കര, പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രം, പനയ്ക്കൽ ക്ഷേത്രം എന്നിവയെ കോർത്തിണക്കിയാണ് ക്ഷേത്രനഗരി സ്ഥാപിക്കുന്നത്. കോടതി അനുമതിയോടെയാണ് നിർമ്മാണം നടത്തുന്നത്. കൊട്ടാരക്കര ദേവസ്വം റെസ്റ്റ് ഹൗസിൽ ജനപ്രതിനിധികൾ, ഹിന്ദു സംഘടനാ ഭാരവാഹികൾ, ക്ഷേത്രം ഭരണ സമിതി ഭാരവാഹികൾ എന്നിവരുമായി ചർച്ച നടത്തിയ ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂറു കോടി രൂപ ചെലവിട്ട് നാലുനിലയിലുള്ള ഓഫീസ് സമുച്ചയം , രണ്ടായിരം പേർക്ക് ഇരിക്കാവുന്ന അത്യാധുനികവും വിശാലവുമായ കൺവെൻഷൻ സെന്റർ, വിശാലമായ പാർക്കിംഗ്‌ ഗ്രൗണ്ട്, ഗണപതി ക്ഷേത്രത്തിലെ നിലവിലുള്ള ഓപ്പൺ എയർ ഓഡിറ്റോറിയം വിപുലീകരണം, ഗണപതി ക്ഷേത്രക്കുളം നവീകരണം, കുളം ശുദ്ധീകരണം, ക്ഷേത്രക്കുളത്തിന് ഒരു വശത്തുകൂടി ഗണപതി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനും മറുവശത്തുകൂടി ക്ഷേത്രത്തിൽ നിന്ന് പുറത്തേക്ക് വരുന്നതിനും പാത, പാതയോരത്ത് വിശ്രമകേന്ദ്രം എന്നിവയൊരുക്കും. ഇതിന് പുറമേ ക്ഷേത്രഗോപുരം നിർമ്മിക്കും. പടിഞ്ഞാറ്റിൻകര ക്ഷേത്രത്തിൽ സ്വർണക്കൊടിമരം തീർക്കും. ഇത് പൂർണമായും ഉപദേശക സമിതിയുടെ നിയന്ത്രണത്തിലാകും. ഇതിനുള്ള തുക ദേവസ്വം ബോർഡ് വഹിക്കില്ല. കൂടാതെ ക്ഷേത്രത്തിലെ ഒാഡിറ്റോറിയം നിർമ്മാണം പൂർത്തീകരിക്കും. യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി, കൊട്ടാരക്കര നഗരസഭാ ചെയർപേഴ്സൺ ബി. ശ്യാമളഅമ്മ, വാർഡ് കൗൺസിലർ എസ്.ആർ. രമേശ്, ദേവസ്വം ബോർഡ് ചീഫ് എൻജിനീയർ മഹേഷ്, കൊട്ടാരക്കര ഗണപതി ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് മുകളുവിള അനിൽ, സെക്രട്ടറി വത്സല, പടിഞ്ഞാറ്റിൻകര ശിവക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് അജിത് കുമാർ (വിനായക), പനയ്ക്കൽകാവ് ഉപദേശക സമിതി പ്രസിഡന്റ് കീർത്തി കെ. നമ്പൂതിരി, സെക്രട്ടറി എം. കണ്ണൻ, മൂന്നു ക്ഷേത്രങ്ങളിലെയും ദേവസ്വം ജീവനക്കാർ എന്നിവർ പങ്കെടുത്തു.