photo
കൊട്ടാരക്കരയിലെ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ മഹിളാമോർച്ച നടത്തിയ ചൂൽസമരം

കൊട്ടാരക്കര: കൊട്ടാരക്കരയിൽ ബസ് സ്റ്റാൻഡുകൾക്കിടയിലെ ബിവറേജസ് ഔട്ട്ലെറ്റ് മാറ്റിസ്ഥാപിക്കണമെന്ന ആവശ്യവുമായി വേറിട്ട സമരം. യുവമോർച്ചാ പ്രവർത്തകർ ചെണ്ടകൊട്ടിയും മഹിളാമോർച്ച പ്രവർത്തകർ ചൂലുമായി തൂത്തുവാരിയുമാണ് തങ്ങളുടെ പ്രതിഷേധമറിയിച്ചത്. ലോക്ക് ഡൗണിൽ പൂട്ടിയ ഔട്ട്ലെറ്റ് വീണ്ടും അതേ സ്ഥാനത്ത് തുറന്ന ദിവസം മുതൽ സമര പരിപാടികൾ നടക്കുന്നുണ്ട്. ജനത്തിരക്കേറിയ സ്ഥലത്ത് നിന്നും ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കണമെന്നു മാത്രമാണ് പ്രതിഷേധക്കാരുടെ ആവശ്യം. പി. ഐഷാപോറ്റി എം.എൽ.എ താത്പര്യമെടുത്ത് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുന്നതിന് നടപടികൾ തുടങ്ങിയപ്പോൾ ഭരണകക്ഷിയിലെ ഇടപെടലുകളെ തുടർന്ന് നീക്കം മരവിച്ചു. ഒന്നേകാൽ ലക്ഷം രൂപ വാടക നൽകുന്ന കെട്ടിടത്തിൽ പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും കടന്നുപോകുന്ന ഭാഗത്താണ് മദ്യവുമായെത്തുന്നവരുടെ വിളയാട്ടം. സ്കൂൾ തുറക്കുമ്പോൾ പ്രതിസന്ധി രൂക്ഷമാകും. ഇതേത്തുടർന്നാണ് കഴിഞ്ഞ ദിവസം ചൂൽ സമരവുമായി മഹിളാമോർച്ചാ പ്രവർത്തകരെത്തിയത്. ജില്ലാ പ്രസിഡന്റ്‌ ബെറ്റി സുധീർ ഉദ്ഘാടനം ചെയ്തു. ചൂലുകൊണ്ട് തൂത്തെറിയുന്ന പ്രതീകാത്മക സമരം നടത്തിയപ്പോൾ ചെണ്ടയുമായി യുവമോർച്ച പ്രവർത്തകരുമെത്തി. മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ്‌ രമാദേവി, ജനറൽ സെക്രട്ടറി സുകുമാരി സുനിൽ, പ്രിയം വദ, പ്രസന്ന, ശിവകുമാരി, അഖില, സരസ്വതി, യുവമോർച്ച നേതാക്കളായ വിഷ്ണു, രാഹുൽ, പ്രേംകുമാർ, രാഹുൽ പടിഞ്ഞാറ്റിൻകര എന്നിവർ പങ്കെടുത്തു.