chinnakkada

 മൈനർ ഇറിഗേഷൻ വകുപ്പിന്റെ റിപ്പോർട്ടിൽ ശുപാർശ

കൊല്ലം: വെള്ളക്കെട്ട് പരിഹരിക്കാൻ തിരുവനന്തപുരം നഗരത്തിൽ നടപ്പാക്കിയ 'ഓപ്പറേഷൻ അനന്ത' മാതൃകയിൽ കടുത്ത നടപടികൾ കൊല്ലം നഗരത്തിലും ആരംഭിക്കാൻ ആലോചന. നഗരത്തിലെ വെള്ളപ്പൊക്കങ്ങൾ പരിഹരിക്കാൻ 55 ഡിവിഷനുകളും സന്ദർശിച്ച് മൈനർ ഇറിഗേഷൻ വകുപ്പ് തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിലാണ് അനന്ത മോഡൽ നടപടികൾക്ക് ശുപാർശയുള്ളത്.

മൈനർ ഇറിഗേഷൻ വകുപ്പിലെ 11 അസി. എൻജിനിയർമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘങ്ങൾ നടത്തിയ പരിശോധനയിൽ പലയിടങ്ങളിലും ഓട വ്യാപകമായി കൈയേറിയതായി കണ്ടെത്തിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യം വലിയ പൈപ്പുകൾ വഴി ഒഴുക്കുന്നതാണ് ഒട്ടുമിക്ക ഓടകളുടെയും ഒഴുക്ക് തടസപ്പെടാനുള്ള കാരണം. നഗരസഭയും ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും നടത്തിയ അശാസ്ത്രീയ നിർമ്മാണ പ്രവൃത്തികളും കണ്ടെത്തിയിട്ടുണ്ട്. കൈയേറ്റങ്ങളും അശാസ്ത്രീയ നിർമ്മാണങ്ങളും പൊളിച്ചുനീക്കണമെന്ന കടുത്ത ശുപാർശയും റിപ്പോർട്ടിലുണ്ട്.

വെള്ളപ്പൊക്കം ഒഴിവാക്കാൻ പുതുതായി ഓടകൾ നിർമ്മിക്കേണ്ട സ്ഥലങ്ങൾ, നീരൊഴുക്കും ആഴവും വർദ്ധിപ്പിക്കേണ്ട ജലാശയങ്ങൾ എന്നിവയുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് തയ്യാറാക്കി വൈകാതെ സർക്കാരിനും നഗരസഭയ്ക്കും സമർപ്പിക്കും. അതിന് ശേഷം സർക്കാരിന്റെ അനുമതിയോടെയാകും നടപടി സ്വീകരിക്കുക.

'' കടുത്ത പ്രളയം ഉണ്ടായാലും നഗരത്തിൽ വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികളും ഇപ്പോഴുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതും സംബന്ധിച്ചാണ് പഠനം നടക്കുന്നത്. പ്രാഥമിക റിപ്പോർട്ട് തയ്യാറായി വരുന്നു. പരസ്പര ആലോചനയും ഏകോപനവുമില്ലാതെ വിവിധ സർക്കാർ വകുപ്പുകൾ നടത്തിയിട്ടുള്ള നിർമ്മാണ പ്രവൃത്തികൾ വലിയ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഇനിയെങ്കിലും ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം."

ജോയി ജനാർദ്ദനൻ (ഉൾനാടൻ ജലാഗത വകുപ്പ് അസി. എക്സിക്യുട്ടീവ് എൻജിനിയർ)

 മൈനർ ഇറിഗേഷൻ വകുപ്പിന്റെ പ്രധാന കണ്ടെത്തലുകൾ

 ഓടകൾ വ്യാപകമായി കൈയേറിയിട്ടുണ്ട്

 ഒഴുക്ക് തടസപ്പെടുത്തുന്ന അശാസ്ത്രീയ നിർമ്മാണങ്ങൾ ധാരാളം

 വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് മാലിന്യം പൈപ്പുകൾ വഴി ഓടയിലേക്ക് തള്ളുന്നു