പാവപ്പെട്ടവരിൽ നിന്ന് നിരീക്ഷണത്തിന് തുക ഈടാക്കുന്നു
കൊല്ലം: ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് പണമില്ലെങ്കിൽ നിരീക്ഷണ കേന്ദ്രങ്ങളിൽ സൗജന്യ പ്രവേശനം അനുവദിക്കുമെന്ന സർക്കാർ പ്രഖ്യാപനം വെറുതെയായി. സർവതും നഷ്ടപ്പെട്ട് ജീവനും കൈയിൽ പിടിച്ച് നാട്ടിലേക്ക് മടങ്ങുന്നവരെ ബുദ്ധിമുട്ടിക്കുകയാണ് പുതിയ നിലപാടുകൾ. നിരീക്ഷണ കേന്ദ്രങ്ങളിലെ സൗജന്യ താമസം ഒഴിവാക്കിയതിന് പിന്നാലെ പ്രതിഷേധങ്ങൾ ഉയർന്നപ്പോഴാണ് പണമില്ലാത്തവർക്ക് തുടർന്നും സൗജന്യ താമസം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഉറപ്പ് വിശ്വസിച്ച് നാട്ടിലെത്തിയ നിരാലംബരാണ് ദുരിതത്തിലായത്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമുള്ളവരല്ല പ്രവാസികളിൽ മിക്കവരും. കക്കൂസ് സൗകര്യമുള്ള മുറി സാധാരണക്കാരായ പലർക്കുമില്ല. മിക്കവരുടെയും വീടുകളിൽ പ്രായമായവരും രോഗികളും കുട്ടികളുമുണ്ട്. രോഗസാദ്ധ്യതയുമായി അവിടേക്ക് പോകാതെ നിരീക്ഷണ കേന്ദ്രങ്ങളിൽ തങ്ങാനാണ് ഇവർ ആഗ്രഹിക്കുന്നത്.
പണമില്ലെങ്കിൽ ബലം പ്രയോഗിച്ച് വീട്ടിലാക്കും!
രണ്ട് മാസമായി ജോലി നഷ്ടപ്പെട്ട കരുനാഗപ്പള്ളി സ്വദേശി സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും സഹായത്തോടെയാണ് ബഹ്റിനിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയത്. പ്രായമായവരും കുട്ടികളും വീട്ടിലുള്ളതിനാൽ സർക്കാർ നിരീക്ഷണ കേന്ദ്രത്തിൽ കഴിയണമെന്ന ആവശ്യം രാത്രിയിൽ തിരുവനന്തപുരത്ത് ഇറങ്ങിയപ്പോഴേ ഇദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ കൊല്ലം ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ കയറ്റി പുലർച്ചയോടെ കൊല്ലം എസ്.എൻ ലാ കോളേജിലെ നിരീക്ഷണ കേന്ദ്രത്തിലെത്തിച്ചു. പണം കൊടുത്ത് ഹോട്ടലിലേയ്ക്ക് മാറാനായിരുന്നു ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം. തയ്യാറല്ലെങ്കിൽ ബലം പ്രയോഗിച്ച് വീട്ടിലാക്കുമെന്ന് ഭീഷണി വന്നതോടെ അതിന് വഴങ്ങേണ്ടിവന്നു. ഭക്ഷണത്തിനും താമസത്തിനുമായി പ്രതിദിനം 500 രൂപയാണ് നൽകേണ്ടത്. 14 ദിവസം കഴിഞ്ഞ് മടങ്ങുമ്പോൾ ഏങ്ങനെ പണം നൽകുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
പോക്കറ്റ് കാലിയാണ്, പിഴിയരുത്...
1. ജില്ലയിൽ സജ്ജമെന്ന് പറഞ്ഞ പതിനായിരത്തിൽപ്പരം നിരീക്ഷണ മുറികളെവിടെ?
2. നിരാലംബർക്ക് സൗജന്യ നിരീക്ഷണം ഒരുക്കേണ്ടത് ആരുടെ ബാദ്ധ്യത?
3. ഭീഷണിപ്പെടുത്തി വീട്ടിലേക്ക് അയയ്ക്കുന്നത് രോഗവ്യാപനത്തിന് ഇടവരുത്തും
4. പ്രവാസികളോട് അപമര്യാദയായി പെരുമാറുന്നവരെ നിലയ്ക്കുനിറുത്തണം
5. പ്രവാസികളെ കൊണ്ടുപോകുന്ന ടാക്സികൾ അമിത നിരക്ക് ഈടാക്കുന്നത് ഒഴിവാക്കണം
നേട്ടങ്ങൾക്കിടയിലും വീഴ്‌ച
നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്ന് നിർബന്ധിച്ച് വീട്ടിലേക്ക് അയയ്ക്കുവെന്ന പരാതി മുമ്പ് ഉയർന്നിരുന്നു. കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച മൈനാഗപ്പള്ളി സ്വദേശിയുടെ സ്രവം ശേഖരിച്ച ശേഷം നിർബന്ധിച്ച് വീട്ടിലേക്ക് അയച്ചു. വീട്ടിലെത്തി രണ്ടാം ദിവസം കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം വീടിന് പുറത്തിറങ്ങാതെയും കുടുംബാംഗങ്ങളുമായി ഇടപഴകാതിരുന്നതിനാലും രോഗവ്യാപനം ഉണ്ടായില്ല.
''
മോശമായ പെരുമാറ്രം ബന്ധപ്പെട്ടവരിൽ ചിലരിൽ നിന്നെങ്കിലും ഉണ്ടാകുന്നുണ്ട്. ഒറ്റപ്പെട്ട അനുഭവമല്ലിത്. സ്ത്രീകളുമൊത്ത് വന്നവരോടും മോശമായി പെരുമാറി.
മടങ്ങിയെത്തിയ പ്രവാസി, കൊല്ലം