കൊല്ലം: റൂറൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന് ഒരു ബിഗ് സല്യൂട്ട് കൂടി പറഞ്ഞാൽ അത് അധികമാകില്ല. പൊലീസിലെ ശരിയെയും തെറ്റിനെയും അദ്ദേഹം ഒന്നുകൂടി വെളിപ്പെടുത്തി. കള്ളത്തരത്തെയും നീതി രാഹിത്യത്തിനെയും അംഗീകരിക്കാതെ പൊലീസ് എന്താകണമോ അതു തന്നെയെന്ന് അദ്ദേഹം കാട്ടിത്തന്നു. എസ്.പി ശരിയായ നിലപാടിൽ ഉറച്ചുനിന്നപ്പോൾ ഡി.ജി.പിക്ക് പോലും തീരുമാനമെടുക്കാതിരിക്കാനായില്ല. പറഞ്ഞുവരുന്നത് അഞ്ചൽ സി.ഐ യുടെ സ്ഥാനചലനമാണ്.
ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായതിന് പിന്നാലെയാണ് അഞ്ചൽ സി.ഐയുടെ മറ്റൊരു മുഖം കൂടി പുറത്തായത്. അഞ്ചൽ ഇടമുളയ്ക്കലിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവും ജീവനൊടുക്കിയ സംഭവം ഉണ്ടായി. മൃതദേഹങ്ങളുടെ പരിശോധനയും ഇൻക്വസ്റ്റും പൂർത്തിയാക്കാതെയാണ് സി.ഐ തന്റെ വീടുപണി നടക്കുന്നിടത്തേക്ക് പോയത്. സ്വന്തം വീടുപണി നോക്കേണ്ടത് താനല്ലാതെ നാട്ടുകാരാണോയെന്ന് ചോദിച്ചാൽ കുറ്റം പറയാൻ കഴിയില്ല. പക്ഷേ ഒരൽപ്പം കൂടി കഴിഞ്ഞ് പോകാമായിരുന്നു. സംഭവം മറിച്ചായപ്പോഴല്ലേ അത് നിയമവിരുദ്ധവും മൃതദേഹത്തോടുള്ള അനാദരവും ആയിമാറിയത്. ഇടമുളയ്ക്കലിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ വീടുപണി നടക്കുന്നിടത്തേക്ക് മൃതദേഹങ്ങൾ വിളിച്ചുവരുത്തുക. അവിടെ വച്ച് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഒപ്പിട്ട് കൊടുക്കുക. കേട്ടുകേഴ്‌വി പോലുമില്ലാത്തതാണ്. സാക്ഷാൽ ഡി.ജി.പി പോലും ചെയ്യാത്ത കാര്യമായിപ്പോയി. ചെയ്തതിനെ ന്യായീകരിച്ച് എസ്.പിയ്ക്ക് നൽകിയ മറുപടിയും പാളി. ഭരണകക്ഷി നേതാക്കളൊക്കെ സഹായിക്കാനെത്തിയിട്ടും ഹരിശങ്കറിന്റെ ശക്തമായ റിപ്പോർട്ട് നടപടിയിലേയ്ക്ക് നീണ്ടു. അദ്ദേഹം സി.ഐയെ സംരക്ഷിക്കാൻ പോയില്ല. അന്വേഷണം നടക്കുന്നുണ്ട്. അടുത്ത നടപടി പിന്നാലെ വന്നേയ്ക്കാം. ഇവിടെ പൊലീസ് എന്താകണമെന്ന് എസ്.പി കാണിച്ചപ്പോൾ എന്താകരുതെന്ന് അഞ്ചൽ സി.ഐയും കാട്ടിത്തന്നു. മുഖം വികൃതമാകുമ്പോൾ അതെങ്ങനെയായാലും ജനമറിയും. പൊട്ടനെ ചെട്ടി കളിപ്പിച്ചാൽ ചെട്ടിയെ ദൈവം കളിപഠിപ്പിക്കും എന്നാണല്ലോ ചൊല്ല്. ഉത്രയുടെ കേസൊതുക്കാൻ ശ്രമിച്ചപ്പോൾ മൃതദേഹങ്ങളിലുടെ പെട്ടെന്ന് പണി കിട്ടി. അതാണ് കാലത്തിന്റെ ശക്തി.
ഉത്ര കേസിൽ സൂരജ് പറഞ്ഞതെല്ലാം കേട്ട് അവനൊരു തങ്കപ്പെട്ടവനെന്ന് സി.ഐയ്ക്ക് മാത്രം മനസിലായി. അതുകൊണ്ട് പല തെളിവുകളും നശിപ്പിക്കാൻ സൂരജിന് അവസരവും കൊടുത്തു. അവിടെയും എസ്.പി എത്തി. അന്വേഷണം പ്രഖ്യാപിച്ചു. സൂരജ് അറസ്‌റ്റിലായപ്പോൾ ആദ്യം ഞെട്ടിയത് അഞ്ചൽ സി.ഐ ആണത്രെ. എന്തായാലും കാര്യങ്ങൾ ഇതുവരെയൊക്കെയായി. ഇനി കോടതി ചിലപ്പോൾ ചോദിക്കും അന്നെന്താ അന്വേഷിക്കാഞ്ഞതെന്ന്. ഇപ്പോഴേ ഉത്തരം പഠിച്ച് വയ്ക്കുന്നത് ഭാവിയിൽ സി.ഐയ്ക്ക് ഗുണം ചെയ്യും. തെറ്റുപറ്റാം ആർക്കും. പക്ഷേ തുടർച്ചയായും ബോധപൂർവവുമായ തെറ്റു പറ്റൽ വല്ലാത്തൊരു പറ്റിക്കലാണ്. ഈ സമൂഹത്തോടും നാടിനോടുമുള്ള വെല്ലുവിളിയാണ്... അത് ഒരുപാട് നാൾ ഒരു നാടിനും സഹിക്കാനാവില്ല.