tution-class

 വെല്ലുവിളി അതിജീവിക്കാൻ സമാന്തര വിദ്യാഭ്യാസ മേഖല

കൊല്ലം: കുട്ടികളുടെ എണ്ണം കുറയുന്നതും ഫീസ് കിട്ടാത്തതും വിജയശതമാനവും ഒക്കെയായിരുന്നു സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തെയും കൊവിഡ‌് കാലം വരെ അലട്ടിയിരുന്നത്. കൊവിഡിന്റെ വ്യാപന ഭീതി തുടങ്ങിയപ്പോഴും നൂറ്റാണ്ടിന്റെ വെല്ലുവിളിയെ തങ്ങൾ നേരിടേണ്ടി വരുമെന്ന് അവരാരും പ്രതീക്ഷിച്ചില്ല.

മാർച്ച് ആദ്യവാരത്തിൽ, കുട്ടികളിൽ നിന്ന് ഫീസ് കുടിശിക ലഭിക്കുന്ന സമയത്ത് സ്ഥാപനങ്ങളെല്ലാം അടച്ചിടാൻ സർക്കാർ നിർദേശം വന്നു. പ്രതിസന്ധികൾ അവസാനിക്കുമെന്ന പ്രതീക്ഷകൾ ഇല്ലാതാക്കി ലോക്ക് ഡൗൺ കൂടി എത്തിയപ്പോൾ ജില്ലയിലെ നൂറ് കണക്കിന് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും ആയിരക്കണക്കിന് അദ്ധ്യാപകരും പ്രതിസന്ധിയിലായി.

വരുമാനം നിലച്ചുവെന്ന് മാത്രമല്ല സ്ഥാപനങ്ങളുടെ നിലനിൽപ്പ് തന്നെ ആശങ്കയിലായി. പ്രതിസന്ധിയുടെ ആദ്യ നാളുകളിൽ പതറിയെങ്കിലും ആധുനിക സാങ്കേതിക വിദ്യകളെ ചേർത്തുപിടിച്ച് പതിയെ പുത്തൻ പഠന സാദ്ധ്യതകൾ അവർ കുട്ടികൾക്കായി തുറന്നിട്ടു.

പരിശീലനവും പരീക്ഷയും ഓൺലൈനിൽ

സംസ്ഥാനത്തെ പഠന സംവിധാനം പൂർണമായും ഓൺലൈനിലായതോടെ ട്യൂഷൻ സെന്ററുകളും പി.എസ്.സി പരിശീലന കേന്ദ്രങ്ങളും സാങ്കേതിക സാദ്ധ്യതകളെ പിന്തുടർന്നു. ക്ലാസുകൾ നടത്താൻ സൂം, ഗൂഗിൾ ക്ലാസ് റൂം, ഗൂഗിൾ മീറ്റ്, മൈക്രോസോഫ്ട് ടീം തുടങ്ങിയ സോഫ്ട്‌വെയറുകൾ ഉപയോഗിക്കുന്ന പരിശീലന കേന്ദ്രങ്ങൾ നിരവധിയാണ്. കുട്ടികളിലേക്ക് ക്ലാസുകൾ എത്തിക്കാൻ യൂ ട്യൂബ് ചാനലും റെക്കോർഡ് ചെയ്ത വീഡിയോകൾ പങ്കുവയ്ക്കാൻ വെബ്സൈറ്റും തുടങ്ങി. ക്ലാസുകളുടെ വീഡിയോകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും ലഭ്യമാക്കുന്നുണ്ട്. ക്ലാസുകളിൽ കുട്ടികളുടെ ഹാജർ ഉറപ്പാക്കുന്നുവെന്ന് മാത്രമല്ല, ഇതിനെ വിലയിരുത്താൻ പരീക്ഷകളും ഓൺലൈനായി നടത്തുന്നുണ്ട്.

കാര്യങ്ങൾ ഇങ്ങനെയാണ്

1. പ്രതിസന്ധിയെ മറികടക്കുമ്പോഴും സാമ്പത്തിക നഷ്ടം ചെറുതല്ല

2. പരിശീലന കേന്ദ്രങ്ങളിലെ ഓൺലൈൻ ക്ലാസുകളിൽ എത്തുന്നവരുടെ എണ്ണം കുറയുന്നു

3. ലക്ഷങ്ങൾ മുടക്കി സ്ഥാപനങ്ങൾ തുടങ്ങിയവർ കടക്കെണിയിൽ മുങ്ങി

4. വരുമാനം ഇല്ലാതായത് ആയിരക്കണക്കിന് അദ്ധ്യാപകർക്ക്

5. ഓൺലൈൻ, കോർണർ ക്ലാസുകളിലൂടെ വരുമാനം വർദ്ധിപ്പിക്കാണ് ഇപ്പോഴത്തെ ശ്രമം

കോർണർ ക്ലാസുകൾ

വിക്ടേഴ്സ് ചാനൽ വഴി ക്ലാസ് ലഭിക്കുന്ന കുട്ടികൾക്ക് വീടുകളിലെത്തി ട്യൂഷനെടുത്ത് നൽകുന്ന കോർണർ ക്ലാസുകളാണ് ട്യൂഷൻ സെന്ററുകൾ അവലംബിക്കുന്നത്. ഒരു പ്രദേശത്തെ നാലഞ്ച് കുട്ടികളെ ഒരു വീട്ടിലേക്ക് വിളിച്ച് ഹോം ട്യൂഷൻ പോലെ നടത്തുന്ന കോർണർ ക്ലാസുകൾ ഫലം കാണുന്നുണ്ട്.

''

പി.എസ്.സി പരിശീലന കേന്ദ്രങ്ങൾ ഓൺലൈൻ ക്ലാസുകൾ സജീവമാക്കി. ട്യൂഷൻ സെന്ററുകൾ കോർണർ ക്ലാസുകളിലൂടെ നിലവിലെ സാഹചര്യം മറികടക്കാൻ ശ്രമിക്കുന്നു.

എസ്. സുഭാഷ്, അദ്ധ്യാപകൻ, കൊട്ടാരക്കര