 ജയ അരി കിലോയ്ക്ക് ഒരു രൂപ കൂടി

കൊല്ലം: പൊതുവിപണിയിൽ ലോക്ക് ഡൗൺ കാലത്ത് കുതിച്ചുയർന്ന ഒട്ടുമിക്ക ഇനങ്ങളുടെയും വില താഴുമ്പോൾ വില്ലനായി ജയ അരി. തെക്കൻ കേരളത്തിൽ പ്രധാനമായും ഉപയോഗിക്കുന്ന സെവൻ സ്റ്റാർ ജയ അരിയുടെ വില ഒരു രൂപ ഉയർന്നു.

ലോക്ക് ഡൗണിന് മുൻപ് സെവൻ സ്റ്റാർ ജയ കിലോയ്ക്ക് 37 രൂപയായിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഭക്ഷ്യക്ഷാമത്തിന് സാദ്ധ്യതയുണ്ടെന്ന ധാരണയിൽ ജനങ്ങൾ കൂട്ടത്തോടെ അരി സംഭരിച്ചു. ഈ സമയം മുതലെടുത്ത് ആന്ധ്രയിലെ മില്ലുടമകൾ കിലോയ്ക്ക് 50 പൈസ വർദ്ധിപ്പിച്ചു. സൗജന്യ റേഷൻ വിതരണവും സപ്ലൈകോയുടെ കിറ്റും കിട്ടിയതോടെ കച്ചവടം ഇടിഞ്ഞു. ഈസമയം പഴയ വിലയിലേക്ക് തിരിച്ചുപോയ ശേഷം അടുത്ത ദിവസമാണ് ഒരു രൂപ വർദ്ധിച്ചത്. ചില കടകളിൽ 39 രൂപ വരെ വാങ്ങുന്നുണ്ട്.

ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയാണ് ജയ അരിയുടെ പ്രധാന ഉത്പാദന കേന്ദ്രം. കൊവിഡ് കാരണം കർഷകർ നെല്ല് മില്ലുകളിലേക്ക് എത്തിക്കുന്നില്ല. ഇതാണ് വിലവർദ്ധനവിനുള്ള കാരണമായി പറയുന്നത്.

സെവൻ സ്റ്റാർ ജയയുടെ വില

മാർച്ച്: 37

ഏപ്രിൽ ആദ്യം: 37.50

ഏപ്രിൽ അവസാനവം: 37

ജൂൺ പത്തിന് ശേഷം: 38