പത്തനാപുരം: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി പിറവന്തൂർ പഞ്ചായത്തിൽ തരിശുനില കൃഷിയുടെ ഉദ്ഘാടനം നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലതാ സോമരാജൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പാവുമ്പ ഇഞ്ചക്കുഴി ഹരീഷിന്റെ പുരയിടത്തിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ, സി. ഡി.എസ് ചെയർപേഴ്‌സൺ, കൃഷി ഓഫീസർ, വാർഡ് മെമ്പർമാർ, കൃഷിഭവൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കടക്കാമൺ കോളനിയിൽ കർഷക സ്വയം സഹായ സംഘത്തിന്റെ തരിശു നില കൃഷി വാർഡ് മെമ്പറിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് തരിശുനിലങ്ങൾ കണ്ടെത്തി കൃഷി ചെയ്യാൻ താല്പര്യമുള്ള കർഷകർ, ഗ്രൂപ്പുകൾ എന്നിവർ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.