road
കൊല്ലം- തിരുമംഗലം ദേശീയ പാതയിലെ ഇടമൺ കുന്നുംപുറം ജംഗ്ഷന് സമീപത്തെ പാതയോരം മഴയത്ത് ഇടിഞ്ഞിറങ്ങിയ നിലയിൽ

പുനലൂർ: നവീകരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലായ കൊല്ലം - തിരുമംഗലം ദേശീയ പാതയോരം ഇടിഞ്ഞു. ഇതോടെ ദേശീയ പാതയുടെ ഇരുവശത്തായി താമസിക്കുന്നവർ കടുത്ത ഭീതിയിലായി. ഇടമൺ കുന്നുംപുറം ജംഗ്ഷന് സമീപത്ത് താമസിക്കുന്ന വയോധികയായ ശാന്തമ്മയുടെ വീടിന്റെ മുകൾ ഭാഗത്തെ പാതയോട് ചേർന്ന മൺഭിത്തിയാണ് അപകടകരമായി ഇടിഞ്ഞിറങ്ങിയത്. രണ്ട് ദിവസം മുമ്പ് പെയ്ത കനത്ത മഴയിലാണ് പാതയോരം ഇടിഞ്ഞിറങ്ങാൻ തുടങ്ങിയത്. നവീകരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലായ ദേശീയ പാതയിൽ നിരവധി സ്ഥലത്ത് പാർശ്വഭിത്തി പണിയാത്തത് മൂലം അപകടങ്ങൾ സംഭവിക്കുന്നുണ്ട്. റീ ടാറിംഗിന് പുറമേ പാതയോരങ്ങളിലെ ഓടയുടെ പണി, കോൺക്രീറ്റ് നടപ്പാതകളുടെ നിർമ്മാണം തുടങ്ങിയവയും പൂർത്തിയായി വരുകയാണ്.

അപകട സൂചനയായി ഒരു ടാർ വീപ്പ

നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടാഴ്ച മുമ്പ് പാതയിൽ റീടാറിംഗ് നടത്തിയിരുന്നു. ഇതിനോട് ചേർന്ന് പാതയോരമാണ് മഴവെള്ളപ്പാച്ചിലിൽ ഇടിഞ്ഞിറങ്ങിയത്. ഇവിടെ പുതിയ പാർശ്വഭിത്തി നിർമ്മിക്കാത്തത് അപകടങ്ങൾ ക്ഷണിച്ചു വരുത്തുമെന്ന് പ്രദേശവാസികൾ പറയുന്നു. ഇപ്പോൾ അപകട സൂചനയായി ഒരു ടാർ വീപ്പ ഇവിടെ സ്ഥാപിച്ചിരിക്കുകയാണ്.

പാർശ്വഭിത്തി പണിയാത്തത് മൂലം അപകടങ്ങൾ

ദേശീയ പാതയിലെ പുനലൂർ മുതൽ കോട്ടവാസൽ വരെയുള്ള റോഡാണ് ആധുനിക രീതിയിൽ റീ ടാറിംഗ് നടത്തി നവീകരിച്ച് മോടി പിടിപ്പിക്കുന്നത്. 35.5 കോടിയോളം രൂപ ചെലവഴിച്ച് നടത്തുന്ന നവീകരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലായ ദേശീയ പാതയിൽ നിരവധി സ്ഥലത്ത് പാർശ്വഭിത്തി പണിയാത്തത് മൂലം അപകടങ്ങളുണ്ടാവാൻ സാദ്ധ്യതയുണ്ട്. പാതയോരങ്ങളിലെ കോൺക്രിറ്റ് നടപ്പാതകളുടെ നിർമ്മാണം, ഓടയുടെ പണി തുടങ്ങിയവയും പൂർത്തിയായി വരുകയാണ്.

കൂറ്റൻ പാർശ്വഭിത്തി

അപകട മേഖലയായ തെന്മല എം.എസ്.എല്ലിലെ കഴുതുരുട്ടി ആറ്റ് തിരത്ത് നിന്ന് കൂറ്റൻ പാർശ്വഭിത്തി നിർമ്മാണവും ഇതോടൊപ്പം നടന്നു വരുകയാണ്. ഒരു സമയം ഒരു വാഹനത്തിന് മാത്രം കടന്ന് പോകാൻ കഴിയുന്ന പാതയിൽ കൂടുതൽ വീതി കൂട്ടുന്നതിനും അപകടം ഒഴിവാക്കുന്നതിനുമാണ് കൂറ്റൻ മതിൽ നിർമ്മിക്കുന്നത്.

35.5 കോടിയോളം രൂപ ചെലവഴിച്ചാണ് കൊല്ലം - തിരുമംഗലം ദേശീയ പാതയിൽ നവീകരണം നടത്തുന്നത്.