പത്തനാപുരം: രക്തദാനം, ജീവദാനം എന്ന സന്ദേശമുയർത്തി കാൻസർ രോഗികൾക്ക് രക്തം നൽകുന്നതിനായി ജീവനം കാൻസർ സൊസൈറ്റി രൂപീകരിച്ച ജീവനം ബ്ലഡ് ഡോണേഴ്‌സ് ഫോറത്തിന്റ നേതൃത്വത്തിൽ പത്തനാപുരത്ത് ബോധവത്ക്കരണ പരിപാടി നടന്നു. രക്തദാനത്തിന് എല്ലാവരെയും തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ്. വേണുഗോപാൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജീവനം ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ, ഭാരവാഹികളായ ജോജി മാത്യു ജോർജ്, പി. ശ്രീജിത്ത്, മുഹമ്മദ് ഷഫീർ, സാഞ്ചു പൂവണ്ണാംമൂല എന്നിവർ സംസാരിച്ചു.