കൊല്ലം: അധികൃതർ കാട്ടുന്ന അവഗണനയ്ക്ക് പ്രദേശവാസികളോട് പ്രതികാരം തീർക്കുകയാണ് വട്ടക്കായൽ. കായലിന്റെ തീരത്തുള്ള 20 ഓളം വീടുകൾക്ക് ചുറ്റും കായൽ കരകവിഞ്ഞ് വെള്ളം കെട്ടിനിൽക്കുകയാണ്. മഴ ഇനിയും ശക്തമായി തുടർന്നാൽ മേഖലയൊന്നാകെ പ്രളയസമാനമാകും.
തീരത്ത് നിന്ന് 500 മീറ്റർ വരെ പലയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. വയലും പറമ്പും വീട്ടുമുറ്റങ്ങളും തിരിച്ചറിയാനാകാത്ത അവസ്ഥയാണ്. വട്ടക്കായലിൽ നിന്ന് കട്ടയ്ക്കൽ കായൽ വഴി അഷ്ടമുടി കായലിലേക്കുള്ള ഒഴുക്ക് സുഗമമായി നടക്കാത്തതാണ് പ്രശ്നം.
തീരത്തെ വീടുകളിൽ വെള്ളം കയറി തകർച്ചയുടെ വക്കിലെത്തിയിട്ടും നഗരസഭാ അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന ആരോപണമുണ്ട്. പല വീടുകളുടെയും മുന്നിൽ ഇപ്പോൾ മുട്ടറ്റം പൊക്കത്തിൽ വെള്ളമാണ്. പ്രായമായവർ വീടിന് പുറത്തിറങ്ങിയിട്ട് പോലും ദിവസങ്ങളായി. പ്രദേശമാകെ പകർച്ചവ്യാധി ഭീഷണിയും നിലനിൽക്കുന്നുണ്ട്. മഴക്കാലത്തിന് മുമ്പ് ജലാശയങ്ങളിലെ ഒഴുക്ക് സുഗമമാക്കുന്നതിലും വട്ടക്കായൽ പാർശ്വഭിത്തി സംരക്ഷിക്കുന്നതിലും നഗരസഭ പതിറ്റാണ്ടുകളായി തുടരുന്ന അലംഭാവമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് ആക്ഷേപം.
ചീപ്പിന്റെ താക്കോലെവിടെ?
വേലിയിറക്ക സമയത്ത് വട്ടക്കായലിലെ ജലം ചീപ്പ് തുറന്ന് കട്ടയ്ക്കൽ കായൽ വഴി അഷ്ടമുടി കായലിലേക്ക് ഒഴുക്കിയാൽ ഈ പ്രദേശത്തെ വെള്ളക്കെട്ടിന് വലിയ അളവിൽ പരിഹാരമാകും. പക്ഷെ കട്ടയ്ക്കൽ കായലിനും വട്ടക്കായലിനും ഇടയിലുള്ള ചീപ്പിന്റെ താക്കോൽ സ്വകാര്യ വ്യക്തി കൈയടക്കി വച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന് മീൻ പിടിക്കാനുള്ള സൗകര്യത്തിനാണ് തുറപ്പും അടപ്പും.
നഗരസഭയുടെ നിയന്ത്രണത്തിലുണ്ടാകേണ്ട താക്കോൽ സ്വകാര്യ വ്യക്തി കീശയിൽ വച്ചിരിക്കുന്നത് ചോദ്യം ചെയ്യാൻ പ്രദേശത്തെ ജനപ്രതിനിധികളും തയ്യാറാകുന്നില്ല. വെള്ളം കയറി പ്രദേശത്തെ വീടുകൾ തകർന്നാലും വേണ്ടില്ല താക്കോൽ കൈക്കലാക്കിയിരിക്കുന്ന സ്വകാര്യ വ്യക്തിയെ പിണക്കാനാകില്ലെന്ന നിലപാടിലാണ് പ്രദേശത്തെ രാഷ്ട്രീയക്കാരും.
വെള്ളപ്പൊക്കം തടയാൻ നഗരസഭ ഇപ്പോൾ നടത്തുന്ന പഠനം തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. വട്ടക്കായലിന്റെ ചുറ്റുമുള്ള ഏഴ് ഡിവിഷനുകൾ വിജയിക്കാനുള്ള തട്ടിക്കൂട്ട് തന്ത്രമാണ്.
അഡ്വ. എസ്. ഷേണാജി (കോൺഗ്രസ് ഒ.ബി.സി ഡിപ്പാർട്ട്മെന്റ് ജില്ലാ പ്രസിഡന്റ്)