ഈ വര്‍ഷം തന്റെ ജന്മദിനം ആഘോഷമാക്കി മാറ്റരുതെന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ച് ഇളയ ദളപതി വിജയ്. കൊവിഡ് പ്രതിസന്ധികള്‍ തുടരുന്ന സാഹചര്യത്തിലാണ് വിജയ് ആരാധകരോട് ആഘോഷം ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജൂണ്‍ 22-ന് ഇളയദളപതിയുടെ നാല്‍പത്തിയഞ്ചാം ജന്മദിനമാണ്.
പ്രിയതാരത്തിന്റെ ജന്മദിനം വന്‍ ആഘോഷമാക്കി മാറ്റാറുണ്ട് ദളപതി ആരാധകര്‍. സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, ജനപ്രിയ സിനിമകളുടെ റീ-റിലീസുമാണ് ആഘോഷങ്ങളില്‍ പ്രധാനപ്പെട്ടത്. നിലവിലെ അവസ്ഥയില്‍ ആഘോഷം ഒഴിവാക്കി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് വിജയ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
ഓരോ ജില്ലയിലുമുള്ള തന്റെ ഫാന്‍സ് ക്ലബ്ബുകാരോട് നേരിട്ടാണ് വിജയ് ഇത്തരമൊരു അഭ്യര്‍ത്ഥന നടത്തിയത്. കൊവിഡ് പശ്ചാത്തലത്തില്‍ ഒരു തരത്തിലുള്ള ആഘോഷവും പാടില്ലെന്നാണ് വിജയുടെ നിര്‍ദേശം. തമിഴ്‌നാട് വിജയ് ഫാന്‍സ് ക്ലബ് അസോസിയേഷന്‍ തലവന്‍ എന്‍. ആനന്ദ് രാജ്യത്തെമ്പാടുമുള്ള വിജയ് ഫാന്‍സ് അസോസിയേഷനോട് ഇക്കാര്യം അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.
പിറന്നാള്‍ ദിനത്തില്‍ വിജയുടെ പുറത്തിറങ്ങാനിരിക്കുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കണമെന്ന് നിരവധി ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ ട്രെയിലര്‍ പുറത്തിറക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.
ഏപ്രില്‍ 9 ന് വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് മാറ്റിവെക്കുകയായിരുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രാഡക്ഷന്‍ ജോലികളിലാണ് അണിയറപ്രവര്‍ത്തകര്‍ എന്നാണ് അറിയുന്നത്. ഈ മാസം അവസാനത്തോടെ ചിത്രത്തിന്റെ റീലീസ് തീയതി പ്രഖ്യാപിച്ചേക്കും. ചിത്രത്തില്‍ കോളേജ് അദ്ധ്യാപകനായാണ് വിജയ് എത്തുന്നത്.