ഓച്ചിറ: സംരക്ഷിക്കാൻ ആരുമില്ലാതെ വാടകവീട്ടിൽ കഴിഞ്ഞു വന്ന മദ്ധ്യവയസ്കയെ ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ നെടുമ്പന നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു. വർഷങ്ങളായി ഓച്ചിറയിൽ വാടകയ്ക്ക് താമസിച്ചു വരുന്ന മുംബയ് സ്വദേശി ശകുന്തളയെയാണ് (60) ഏറ്റെടുത്തത്. നാലുമാസം മുമ്പ് ഭർത്താവ് ചാത്തന്നൂർ സ്വദേശി ബാബു മരണപ്പെട്ടതിനെ തുടർന്നാണ് ഇവർ ദുരിതത്തിലായത്. ഇവരുടെ ദുരിതം കണ്ടറിഞ്ഞ ഓച്ചിറ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ. പ്രകാശ് ജനപ്രതിനിധികളെ അറിയിക്കുകയായിരുന്നു. ഗ്രാമ പഞ്ചായത്തംഗളായ മഞ്ജു പാച്ചൻ, അയ്യാണിക്കൽ മജീദ്, ജീവകാരുണ്യ പ്രവർത്തകരായ സിദ്ധീക്ക് മംഗലശ്ശേരി, ടി. മെഹർ ഖാൻ ചേന്നല്ലൂർ, കെ.എം.കെ. സത്താർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നവജീവൻ പി.ആർ.ഒ എസ്.എം. മുഖ്താർ ഇവരെ ഏറ്റടുക്കുകകയായിരുന്നു.