കൊല്ലം: ലോകം കണ്ട എക്കാലത്തേയും മികച്ച ബുദ്ധിവൈഭവത്തിന് ഉദാഹരണമാണ് അദ്വൈതിയായ ശങ്കരനെന്ന് മുല്ലക്കര രത്നാകരൻ പറഞ്ഞു. ഭാരതത്തെ ഏകീകരിക്കുന്നതിൽ ശങ്കരൻ വഹിച്ച പങ്ക് നിസ്തുലമാണ്. ബുദ്ധികൊണ്ട് ഭാരതത്തിന്റെ ചിന്താലോകം കീഴടക്കിയ ശങ്കരൻ ബുദ്ധന്റെ ഹൃദയത്തെ സ്പർശിക്കാതെ ഇരുന്നത് ബോധപൂർവമായിരുന്നു എന്ന വിമർശനം തനിക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിശ്വകുമാർ കൃഷ്ണജീവനം എഴുതി കൃഷ്ണജീവനം പബ്ളിക്കേഷൻസ് പ്രസിദ്ധീകരിച്ച 'മായാപഞ്ചകം ഒരു പ്രപഞ്ചദർശനം' എന്ന പുസ്തകത്തിന്റെ പ്രകാശകർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമയനല്ലൂർ കുഞ്ഞുകൃഷ്ണപിള്ള പുസ്തകം ഏറ്റുവാങ്ങി. ഗ്രന്ഥകർത്താവ് വിശ്വകുമാർ കൃഷ്ണജീവനം ആർ. ശങ്കർ സാംസ്കാരിക സമിതി ജനറൽ സെക്രട്ടറി സുജയ് ഡി. വ്യാസൻ, ജോയിന്റ് സെക്രട്ടറി പി.എസ്. സീനാദേവി തുടങ്ങിയവർ പങ്കെടുത്തു. ആർ. ശങ്കർ സാംസ്‌കാരിക സമിതിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.