kottiyam-ci-photo
കണ്ണനല്ലൂർ സി.ഐ വിപിൻകുമാർ ദേവസ്വം അധികൃതരുമായും കണ്ണനല്ലൂർ ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികളുമായും ചർച്ച നടത്തുന്നു

കൊട്ടിയം: ദേവസ്വം ഭൂമി കൈയേറി സർക്കാർ വ്യാപാര സമുച്ചയം നിർമ്മിക്കുന്നതായി ആരോപിച്ച് ക്ഷേത്രവളപ്പിൽ വിശ്വാസികൾ സംഘടിച്ചത് കണ്ണനല്ലൂരിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള കണ്ണനല്ലൂർ ധർമ്മശാസ്താ ക്ഷേത്രത്തിന്റെ ഭൂമി ഉൾപ്പെടുത്തിയാണ് വ്യാപാര സമുച്ചയത്തിന് രൂപരേഖ തയ്യാറാക്കിയതെന്ന് ആരോപിച്ചാണ് നാട്ടുകാർ സംഘടിച്ചത്.

ഇന്നലെ രാവിലെ സ്ഥലം എം.എൽ.എയും മന്ത്രിയുമായ ജെ. മേഴ്സിക്കുട്ടിഅമ്മ കെട്ടിട നിർമ്മാണത്തിന് തറക്കല്ലിടാൻ എത്തിയിരുന്നു. വിവരം അറിഞ്ഞ് രാവിലെ തന്നെ പ്രദേശവാസികൾ ക്ഷേത്രവളപ്പിൽ സംഘടിച്ചു. ദേവസ്വം അസി. കമ്മിഷണർ സുനിൽ കുമാർ, സബ് ഗ്രൂപ്പ് ഓഫീസറുടെ ചുമതലയുള്ള ഗോവിന്ദൻ പോറ്റി, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് സുബാഷ് എന്നിവരും സ്ഥലത്തെത്തി.

തുടർന്ന് കണ്ണനല്ലൂർ സി.ഐ വിപിൻകുമാർ ദേവസ്വം അധികൃതരുമായും ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളുമായി ചർച്ച നടത്തി. ദേവസ്വത്തിന്റെ കൈവശമുള്ള ക്ഷേത്രഭൂമി അളന്ന് തിട്ടപ്പെടുത്തി വേർതിരിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും ക്ഷേത്രഭൂമിയിൽ ഒരുവിധ നിർമ്മാണ പ്രവർത്തനങ്ങളും അനുവദിക്കുകയില്ലെന്നും കമ്മിഷണർ പറഞ്ഞു.

ക്ഷേത്രഭൂമി കൈയേറി വ്യാപാര സമുച്ചയം നിർമ്മിക്കാനുള്ള നീക്കത്തിൽ നിന്ന് സ്ഥലം എം.എൽ.എ.യും മന്ത്രിയുമായ ജെ. മേഴ്സിക്കുട്ടിഅമ്മ പിന്മാറണമെന്ന് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.