workers

കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അവസാനിക്കുമ്പോൾ ജില്ലയിലെ നിർമ്മാണ മേഖലയിലും അസംഘടിത മേഖലയിലുമായി പതിനായിരത്തിലേറെ തൊഴിൽ അവസരങ്ങൾക്ക് സാദ്ധ്യത. കൊവിഡ് വ്യാപന ആശങ്കകൾക്കിടെ തൊഴിൽ നഷ്ടപ്പെട്ട പതിനായിരത്തിലേറെ അന്യസംസ്ഥാന തൊഴിലാളികളാണ് കഴിഞ്ഞ മൂന്നാഴ്‌ചയ്‌ക്കിടെ ജില്ലയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്.

അഞ്ച് പ്രത്യേക ട്രെയിനുകളിൽ 7,​183 തൊഴിലാളികളെയാണ് പശ്ചിമബംഗാളിലേക്ക് മാത്രം മടക്കിഅയച്ചത്. പഴയതുപോലെ വരുമാനമില്ലാതെ ഇവിടെ തങ്ങുന്നതിന്റെ ബുദ്ധിമുട്ടുകളും സാഹചര്യങ്ങൾ നേരെയാകാൻ സമയമെടുക്കുമെന്ന തോന്നലുമാണ് ജില്ലയിലെ പകുതിയിലേറെ അന്യസംസ്ഥാന തൊഴിലാളികളെയും നാട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചത്. പക്ഷേ, പ്രതിസന്ധികൾക്കിടയിലും ലോക്ക് ഡൗൺ ഇളവുകളുടെ ബലത്തിൽ തിരികെ വരാനുള്ള ശ്രമത്തിലാണ് നിർമ്മാണ - വ്യവസായ മേഖലകൾ.

തൊഴിലാളികളുടെ കൂട്ടത്തോടെയുള്ള മടങ്ങിപോക്ക് നിർമ്മാണ മേഖലയിലടക്കം മറ്റൊരു പ്രതിസന്ധിയായി മാറുകയാണ്. ഇതോടെയാണ് തദ്ദേശീയർക്ക് കൂടുതൽ തൊഴിൽ സാദ്ധ്യത തെളിഞ്ഞത്. അന്യ സംസ്ഥാന തൊഴിലാളികൾ ചെയ്‌തിരുന്ന ജോലികൾ ചെയ്യാൻ സന്നദ്ധരായി നൂറുകണക്കിന് പേർ ഇതിനകം ജില്ലയിലെ വിവിധ നിർമ്മാണ കമ്പനികളെ സമീപിച്ചു. തൊഴിൽ നഷ്ടമായി മടങ്ങിയെത്തുന്ന പ്രവാസികൾക്കും ഇതൊരു ആശ്വാസമാണ്.

മനസുണ്ടെങ്കിൽ തൊഴിലവസരങ്ങൾ

ലോക്ക് ഡൗണിന് പിന്നാലെ നിർമ്മാണ മേഖല തിരികെവരുമെന്നതിൽ സംശയം വേണ്ട. സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിയിലെ പ്രവൃത്തികൾ, അന്താരാഷ്ട്ര നിലവാരത്തിലെ റോഡ്, ബഹുനില മന്ദിരങ്ങൾ എന്നിവയുടെ നിർമ്മാണങ്ങൾ നടത്തേണ്ട സ്വകാര്യ കരാറുകാരുടെ വലിയൊരു വിഭാഗം തൊഴിലാളികളാണ് മടങ്ങിയത്. ഇതോടെ സഹകരണ - സ്വകാര്യ മേഖലയിലെ നിർമ്മാണ കമ്പനികൾ തൊഴിലാളികളെ ആവശ്യപ്പെട്ട് പരസ്യം നൽകുന്ന സ്ഥിതിയെത്തി. ഹോട്ടൽ അടുക്കള, റസ്റ്റോറന്റുകളിലെ ഭക്ഷണ വിതരണം, മത്സ്യ- ഇറച്ചി വിപണന കേന്ദ്രങ്ങൾ, ഫാമുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ മാത്രമല്ല പ്രാവീണ്യം വേണ്ട മരപ്പണി ഉൾപ്പെടെയുള്ള ജോലികൾക്കും ആളെ വേണം. മത്സ്യബന്ധന രംഗത്തും റബർ എസ്റ്റേറ്റുകളിലും തൊഴിലാളികളെ ആവശ്യമായി വരും.

പരിശീലനം നൽകാൻ സ്ഥാപനങ്ങൾ

സ്വയം തൊഴിൽ പദ്ധതികൾ ആരംഭിക്കാൻ താൽപ്പര്യപ്പെടുന്നവർക്ക് പരിശീലനം നൽകാൻ കൊട്ടാരക്കരയിലെ കില എക്സ്റ്റൻഷൻ സെന്റർ ( കില ഇ.ടി.സി) പോലെയുള്ള സ്ഥാപനങ്ങൾ സജ്ജമാണ്. ഭക്ഷ്യ സംസ്കരണം, തയ്യൽ, റബർ ടാപ്പിംഗ്, ഫാഷൻ ഡിസൈനിംഗ് എന്നിവയ്ക്ക് പുറമെ ചെറുകിട കച്ചവട സംരംഭകർക്കുള്ള പരിശീലനവും ഇവിടെ നിന്ന് യുവതീ - യുവാക്കൾക്ക് ലഭിക്കും. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മാറുമ്പോൾ തദ്ദേശ സ്ഥാപനങ്ങളുടെ ശുപാർശകൾക്ക് അനുസൃതമായി ഇവിടെ പരിശീലനത്തിനെത്താം. കുടുംബശ്രീയും അനുബന്ധ സ്ഥാപനങ്ങളും വിവിധ പരിശീലനങ്ങൾ നൽകുന്നുണ്ട്.

മാറിവരുന്ന സാദ്ധ്യതകൾ

1. നിർമ്മാണ മേഖല മാന്യമായ വരുമാനം ഉറപ്പുവരുത്തുന്നു
2. അസംഘടിത മേഖലയിലും തൊഴിൽ സാദ്ധ്യതകൾ

4. മരപ്പണി ചെയ്യുന്നവർക്ക് ആയിരത്തിലേറെ രൂപ വരുമാനം

5. ഇറച്ചി- മത്സ്യ വ്യാപാര മേഖലയിലും സമാനമായ വേതനം

6. സ്വയം തൊഴിൽ സംരംഭങ്ങൾക്കും സാദ്ധ്യതകളേറെ

നിർമ്മാണ തൊഴിലാളി

ദിവസ വരുമാനം: 800 - 1000 രൂപ

മൈക്കാട്: 750 - 900 രൂപ

മടങ്ങിയ അന്യസംസ്ഥാന തൊഴിലാളികൾ: 10,​000 ഏറെ

''

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മാറുമ്പോൾ തദ്ദേശ സ്ഥാപനങ്ങൾ ശുപാർശ ചെയ്യുന്ന ഗുണഭോക്താക്കൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ പരിശീലനം നൽകും.

ജി.കൃഷ്‌ണകുമാർ, പ്രിൻസിപ്പൽ,

കില ഇ.ടി.സി, കൊട്ടാരക്കര

''

ജോലികൾ പുനരാരംഭിച്ചപ്പോൾ അന്യസംസ്ഥാന തൊഴിലാളികളുടെ കുറവ് നിർമ്മാണ മേഖലയിൽ അനുഭവപ്പെടുന്നുണ്ട്. നിരവധി പേർക്ക് തൊഴിൽ കിട്ടാനുള്ള അവസരമാണിപ്പോൾ.

എം.മനു, മാനേജിംഗ് ഡയറക്ടർ,

ഗ്രാന്മ കൺസ്ട്രക്ഷൻസ്, പോരുവഴി