ഇന്ന് മുതൽ കൂടുതൽ പരിഷ്കരണങ്ങൾ
കൊല്ലം: പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കായി വിക്ടേഴ്സ് ചാനൽ വഴി നടത്തുന്ന ഓൺലൈൻ ക്ലാസുകൾ ഇന്ന് മുതൽ രണ്ടാം ഘട്ടത്തിലേക്ക്. ജൂൺ ഒന്ന് മുതൽ രണ്ടാഴ്ചക്കാലം നടത്തിയ ക്ലാസുകൾക്ക് കൂടുതൽ പരിഷ്കരണങ്ങൾ ഇന്ന് മുതലുണ്ടാകും. ഇംഗ്ലീഷ് മീഡിയം കുട്ടികൾക്കായി ഇംഗ്ലീഷ് വാക്കുകൾ എഴുതി കാണിച്ചും ഹിന്ദി ക്ലാസുകളിൽ മലയാളം വിശദീകരണം ഉറപ്പ് വരുത്തിയുമാണ് ക്രമീകരണം.
ഉറുദു, സംസ്കൃതം, അറബിക് ക്ലാസുകൾ പുതുതായി ഉൾപ്പെടുത്തി. ആദ്യ രണ്ടാഴ്ച ക്ലാസുകൾ ലഭിക്കാൻ ടി.വി, സ്മാർട്ട് ഫോൺ സൗകര്യങ്ങൾ ഇല്ലാതിരുന്ന കുട്ടികൾക്ക് വിവിധ സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും സർക്കാർ സംവിധാനങ്ങളും ടി.വി ഉറപ്പാക്കി. എല്ലാവർക്കും ഓൺലൈൻ ക്ലാസെന്ന ലക്ഷ്യത്തോടെ സൗകര്യങ്ങളില്ലാത്ത കുട്ടികളെ വായനശാലകൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെത്തിച്ച് ക്ലാസുകൾ നൽകും. കോളേജുകളിലെ ഓൺലൈൻ ക്ലാസുകളും ഇന്ന് മുതൽ കൂടുതൽ സജീവമാകും.
സൂം, ഗൂഗിൾ ക്ലാസ് റൂം, ഗൂഗിൾ മീറ്റ്, മൈക്രോസോഫ്ട് ടീം തുടങ്ങിയ സോഫ്ട്‌വെയറുകൾ ഉപയോഗിച്ചാണ് ക്ലാസുകൾ. ക്ലാസുകളുടെ വീഡിയോകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും വെബ്സൈറ്റ് വഴിയും ലഭ്യമാക്കുന്നുണ്ട്. ഐ.സി.എസ്.ഇ - സി.ബി.എസ്.ഇ സ്വാകര്യ സ്കൂളുകൾ പ്രത്യേക സോഫ്ട് വെയറുകളുടെ സഹായത്തോടെയാണ് ക്ലാസുകൾ ലഭ്യമാക്കുന്നത്.