അഞ്ചാലുംമൂട്: പ്രാക്കുളം കരുവാവിള വടക്കതിൽ മുഹമ്മദ് കുഞ്ഞ് - അനീഷ ദമ്പതികളുടെ മകൾ അമീനയെ (11) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയില്ലെന്നും, സ്വാഭാവികമായ തൂങ്ങി മരണമാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
വെള്ളിയാഴ്ച വൈകിട്ട് ഏഴോടെയാണ് വീട്ടിലെ ഉത്തരത്തിൽ തൂങ്ങിമരിച്ച നിലയിൽ അമീനയെ കണ്ടത്. ആറരയോടെ അമ്മയ്ക്കൊപ്പം മുറ്റത്ത് മരപ്പൊടി വാരിക്കൊണ്ടിരിക്കെ വീട്ടിൽപ്പോയി നിസ്കരിക്കാൻ അമീനയെ പറഞ്ഞയച്ചു. 15 മിനിട്ടിനകം അമ്മ വീട്ടിനകത്തെത്തിയപ്പോഴാണ് അമീന ഉത്തരത്തിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് ഇൻക്വസ്റ്റിലും പാരിപ്പള്ളി മെഡിക്കൽ കോളേജാശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിലും അസ്വാഭാവികത കണ്ടെത്താനായില്ല. മുറിവുകൾ, പിടിവലി നടന്നതിന്റെ പാടുകൾ തുടങ്ങി സംശയിക്കാവുന്ന ഒന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യ ചെയ്യുമ്പോഴുള്ള ലക്ഷണങ്ങൾ മാത്രമാണ് ശരീരത്തിലുണ്ടായിരുന്നത്.
അമീനയുടെ മരണത്തിൽ ബന്ധുക്കളും അയൽവാസികളും സംശയം പ്രകടിപ്പിച്ചതിനാൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതിന് പിന്നാലെ, അന്വേഷണം തുടരുകയാണ് പൊലീസ്. വീട്ടിൽ നിന്ന് അമീനയുടെ ആത്മഹത്യാക്കുറിപ്പ് ലഭിച്ചിരുന്നു. വീട്ടിലേക്ക് കയറിപ്പോകുന്നതിനു മുമ്പും അമീന ഉത്സാഹവതിയായിരുന്നതാണ് ആത്മഹത്യയല്ലെന്ന സംശയം ജനിപ്പിച്ചത്
കഞ്ചാവ് ഉൾപ്പെടെ ലഹരി ഉപയോഗിക്കുന്നവർ പ്രദേശത്ത് താവളമാക്കിയതും സംശയത്തിന് ഇടയാക്കിയിരുന്നു. വീട്ടിൽ പൊതുദർശനത്തിന് വച്ച മൃതദേഹം കരുവ ജുമാ മസ്ജിദിൽ സംസ്കരിച്ചു. സഹോദരങ്ങൾ: അജ്മൽ, ആസിയ.
ബാപ്പയെ ഇഷ്ടമല്ലെന്ന്
ആത്മഹത്യാക്കുറിപ്പ്
കൊല്ലം: "അജ്മലും അജ്മിയും ഉമ്മച്ചിയും എനിക്ക് ജീവനാണ്. ബാപ്പയെ ഇഷ്ടമല്ല ". ഇങ്ങനെയാണ് അമീനയുടെ ആത്മഹത്യാ കുറിപ്പ്.
അജ്മൽ ഏഴ് വയസുള്ള സഹോദരനാണ്. അജ്മി രണ്ട് വയസുള്ള സഹോദരിയും. ആത്മഹത്യാ കുറിപ്പിലെ അക്ഷരങ്ങൾ നോട്ട് ബുക്കുകൾ പരിശോധിച്ച് അമീനയുടേതാണെന്ന് പ്രാഥമികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷെ, ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപ് എഴുതിയതാണോ, അതോ നേരത്തെ എപ്പോഴെങ്കിലും വാപ്പയുമായി പിണങ്ങിയപ്പോൾ എഴുതിയതാണോ എന്നകാര്യത്തിൽ സംശയമുണ്ടെന്ന് അഞ്ചാലുംമൂട് സി.ഐ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ ഏഴുവയസുകാരന്റെയും ഉമ്മയുടെയും വാപ്പയുടെയും മൊഴി പൊലീസ് ശേഖരിക്കും. തന്നേക്കാൾ ഇളയ സഹോദരങ്ങളെ പിതാവ് സ്നേഹിക്കുന്നുവെന്ന പരിഭവം അമീനയ്ക്ക് ഉണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. പക്ഷെ, പൂർണമായും സ്ഥിരീകരിച്ചിട്ടില്ല.
ശേഷിക്കുന്ന സംശയങ്ങൾ
പ്രദേശത്തെ കഞ്ചാവ് മാഫിയ സംഘങ്ങളെ പ്രതിക്കൂട്ടിലാക്കി കുട്ടിയുടെ അടുത്ത ബന്ധുവിന്റെ പരസ്യമായ വെളിപ്പെടുത്തൽ.
അമ്മയുടെ അടുത്ത് ഉത്സാഹവതിയായി നിന്ന പെൺകുട്ടി പെട്ടെന്ന് ആത്മഹത്യ ചെയ്യുമോ?